തണ്ടുതുരപ്പൻ വില്ലനായി
80 ഏക്കറിൽ നെൽകൃഷി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

രണ്ടുതുരപ്പന്റെ ആക്രമണത്തിൽ നശിച്ച വരേണിക്കൽ പാടശേഖരത്തിലെ നെൽകൃഷി
മാവേലിക്കര
തെക്കേക്കര പഞ്ചായത്തിൽ വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിലെ 70 ഏക്കറിലെയും തഴക്കര പഞ്ചായത്തിലെ 10 ഏക്കറിലെയും നെൽകൃഷിയിൽ തണ്ടുതുരപ്പൻ ആക്രമണം. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. 120 ദിവസം കൊണ്ട് പാകമാകുന്ന ഉമ ഇനത്തിലുള്ള നെൽകൃഷിയാണ് നശിച്ചത്. പ്രദേശങ്ങളിലെ മറ്റു പാടശേഖരങ്ങളിൽ കൃഷിയിറക്കി 15 ദിവസത്തിനു ശേഷമാണ് വരേണിക്കൽ ചെറുകുന്നം പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. ആദ്യം വിതച്ച ശേഷം പിന്നീട് പറിച്ചുനടുകയായിരുന്നു. സാധാരണ കാലാവസ്ഥയിൽ തണ്ടു തുരപ്പൻ ഇടുന്ന മുട്ടകൾ വിരിഞ്ഞാലും നശിച്ചു പോകാറാണ് പതിവ്. എന്നാൽ ഇത്തവണ അസാധാരണമായ ചൂട് കൃഷിയെ പ്രതികൂലമായി ബാധിച്ചു. അമിതമായ ചൂടിൽ, മുട്ടകൾ നശിച്ചു പോകാതെ മുഴുവൻ വിരിഞ്ഞ് പുഴുക്കളായി. നേരിട്ട് തണ്ടിലേക്ക് ഇറങ്ങിയ ഇവ പാകമാകാൻ കാത്തുനിന്ന കതിരുകൾ നശിപ്പിച്ചു. വരേണിക്കൽ ശ്രീമംഗലത്ത് വീട്ടിൽ എസ് ആർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ 14 കർഷകരാണ് വരേണിക്കൽ ചെറുകുന്നം പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ നെൽകൃഷി ഇറക്കുന്നുണ്ടെങ്കിലും ആദ്യമായാണ് തണ്ടു തുരപ്പന്റെ ശല്യം ഉണ്ടാകുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു. മങ്കൊമ്പിൽ നിന്നും മാവേലിക്കരയിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. വിള ഇൻഷ്വറൻസിൽ ഉൾപ്പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മാവേലിക്കര കൃഷി അസി. ഡയറക്ടർ ആര്യ നാഥ് പറഞ്ഞു.










0 comments