യുഡിഎഫ് കുതന്ത്രത്തിനെതിരെ എൽഡിഎഫ്
മാലിന്യപ്രശ്നത്തിൽ പ്രതിഷേധത്തിനിടെ 62 അജൻഡ ചർച്ചചെയ്യാതെ പാസാക്കി

പകർച്ചവ്യാധികൾ പടർത്തുന്ന മാലിന്യപ്രശ്‌നത്തിൽ ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോൾ
ആലപ്പുഴ
പകർച്ചവ്യാധികൾ പടർത്തുന്ന മാലിന്യപ്രശ്‌നത്തിൽ നിസംഗമായ നഗരസഭാ ഭരണത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം മറയാക്കി, ലക്ഷങ്ങളുടെ അഴിമതി നടന്ന ബീച്ചിലെ കാർണിവൽ വിഷയമടക്കം 62 അജൻഡകളും ഉപഅജൻഡകളും ചർച്ചകളില്ലാതെ പാസാക്കിയതായി പ്രഖ്യാപിച്ച് നഗരസഭാ ചെയർപേഴ്സൻ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലർമാർ ചെയർപേഴ്സന്റെ ഓഫീസിന് മുന്നിൽ ധർണനടത്തി. നഗരസഭാസെക്രട്ടറിക്ക് നിവേദനവും നൽകി. ദിവസങ്ങളെടുത്ത് ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയങ്ങളടക്കം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നു. ചർച്ചയില്ലാതെ അജൻഡകൾ പാസാക്കിയെടുക്കുകയായിരുന്നു യുഡിഎഫ് തന്ത്രം. അജൻഡ വായിച്ചു കഴിഞ്ഞപ്പോൾ എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ വി ജി വിഷ്ണുവാണ് മാലിന്യപ്രശ്‌നം ഉന്നയിച്ചത്. മാലിന്യക്കൂമ്പാരങ്ങൾ അഴുകി പലസ്ഥലങ്ങളിലും നടക്കാനാകാത്ത സ്ഥിതിയാണ്. തോടുകളിൽ മാലിന്യംനിറഞ്ഞ് ഒഴുക്ക് നിലച്ചു.പകർച്ചവ്യാധികൾ പടരുന്നു. കഴിഞ്ഞ നഗരസഭചെയ്ത കാര്യങ്ങളുടെ തുടർപ്രവർത്തികളെങ്കിലും നടത്തണമെന്നും ഇതിന് പരിഹാരം കാണാതെ മറ്റ് വിഷയങ്ങളിലേക്ക് കടക്കരുതെന്നും വിഷ്ണു പറഞ്ഞു. "എല്ലാ വാർഡുകളിലും രണ്ട് പായ്‌ക്കറ്റ് വീതം ബ്ലീച്ചിങ് പൗഡറും ഒരു പായ്ക്കറ്റ് കുമ്മായവും നൽകിയിട്ടുണ്ട്’ പ്രശ്‌നം നിസാരവൽക്കരിച്ച് ചെയർപേഴ്സന്റെ മറുപടി വന്നതോടെ എൽഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തിനിടെ യുഡിഎഫ് കൗൺസിലർമാരുടെ ആവശ്യപ്രകാരം ചെയർപേഴ്‌സൻ മോളി ജേക്കബ് അജൻഡകൾ വായിക്കാൻ നിർദേശം നൽകി, എല്ലാം പാസായതായി പ്രഖ്യാപിച്ചു.










0 comments