കാലവർഷം കരതൊട്ടു
4 ദിവസം മഞ്ഞജാഗ്രത

ആലപ്പുഴ
തെക്കു പടിഞ്ഞാറാൻ കാലവർഷം കേരളത്തിലെത്തിയതോടെ ജില്ലയിൽ മഴ ശക്തമായി. ഓറഞ്ച് ജാഗ്രത നിർദേശമുണ്ടായിരുന്ന വ്യാഴാഴ്‌ച വ്യാപകമായി മഴ ലഭിച്ചു. ബുധൻ രാത്രിമുതൽ ശക്തമായ മഴ വ്യാഴാഴ്‌ചയും തുടർന്നു. കനത്തമഴയിൽ വെള്ളംകെട്ടിക്കിടന്നത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ഉൾപ്പെടെ പലയിടത്തും ഗതാഗതം ഭാഗികമായി തടസപ്പെടുത്തി. മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവർഷമെത്തിയത്. ഇത്തവണ മഴ പതിവിലും കുറയുമെന്നാണ് വിലയിരുത്തൽ. കാലവർഷം എത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ വരുന്ന നാല് ദിവസവും ജില്ലയിൽ മഞ്ഞജാഗ്രത നിർദേശവുമുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മഞ്ഞജാഗ്രത നിർദേശമുള്ളത്. 10 വരെ കേരളത്തിൽ ശക്തമായ മഴ തുടർന്നേക്കും. വ്യാഴം രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 35.24 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 80 മില്ലിമീറ്റർ മഴ ലഭിച്ച ചേർത്തലയാണ് മുന്നിൽ. മങ്കൊമ്പ് – 35.0, ഹരിപ്പാട് – 22.4, മാവേലിക്കര – 20.0, കായംകുളം – 18.8 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴ.










0 comments