എസ്‌ഐയെ വെട്ടിക്കൊല്ലാൻ ശ്രമം
2–ാം പ്രതിക്ക് 4 വർഷം കഠിനതടവും 35,000 പിഴയും

പ്രതി നന്ദു
സ്വന്തംലേഖകൻ
Published on Jun 05, 2026, 01:31 AM | 1 min read
ആലപ്പുഴ
പൊലീസ് സബ് ഇൻസ്‌പെക്‌ടറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിക്ക് നാലുവർഷം കഠിനതടവും 35,000 രൂപ പിഴയും. ആര്യാട് പഞ്ചായത്ത് പുതുവൽ വെളിവീട്ടിൽ നന്ദുവിനെയാണ് (32) ജില്ലാ സെഷൻസ് മൂന്നാം കോടതി ജഡ്‌ജി എം ശുഹൈബ് ശിക്ഷിച്ചത്. ഒന്നാംപ്രതി ഹരി, മൂന്നാംപ്രതി സാജൻ എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചു. നന്ദുവും സാജനും നെടുമുടി സ്‌റ്റേഷൻ പരിധിയിലെ ജയേഷ് കൊലക്കേസിലും ആലപ്പുഴ നോർത്ത് സ്‌റ്റേഷൻ പരിധിയിലെ സോണി കൊലക്കേസിലും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. 2018 ഫെബ്രുവരി 15ന് പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം. പട്രോളിങ്ങിനിടെ പൂങ്കാവിന് കിഴക്ക് ബണ്ടിന് സമീപം എത്തിയ നോർത്ത് എസ്‌ഐ ചന്ദ്രമോഹനെയാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ഷാരി ഹാജരായി. സിവിൽ പൊലീസ് ഓഫീസർ അമൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോർജ് എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു. ആലപ്പുഴ നോർത്ത് എസ്‌ഐ എം കെ രമേശൻ രജിസ്‌റ്റർ ചെയ്‌ത കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ വി ബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്.











0 comments