മൂലം വള്ളംകളിക്ക് 2 നാൾ
പരിശീലനം മുറുകി പോരാട്ടം കടുക്കും

വി കെ വേണുഗോപാൽ
Published on Jul 07, 2025, 02:10 AM | 1 min read
മങ്കൊമ്പ്
കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിടുന്ന ചമ്പക്കുളം മൂലംജലോത്സവത്തിന് ഇനി രണ്ട് നാൾകൂടി. രാജപ്രമുഖൻ ട്രോഫിക്കായി കടുത്ത പരിശീലനത്തിലാണ് ബോട്ട് ക്ലബ്ബുകൾ. ബുധനാഴ്‌ച പമ്പയാർ ചുണ്ടൻവള്ളങ്ങളുടെ തീപാറുന്ന മത്സരത്തിന് വേദിയാകും. ആഗസ്‌തിൽ പുന്നമടക്കായൽ വേദിയാകുന്ന നെഹ്റുട്രോഫിക്കും തുടർന്ന് സിബിഎൽ മത്സരങ്ങൾക്കുമുള്ള മുന്നൊരുക്കമാണ് ഓരോടീമിനും മൂലംവള്ളംകളി. മികച്ച അഞ്ച് ക്ലബ്ബുകളാണ് അഭിമാന പോരാട്ടത്തിനിറങ്ങുന്നത്. നടുഭാഗം ബോട്ട്ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ, ചെറുതന ന്യൂ ബോട്ട്‌ക്ലബ്ബിനായി പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴയുന്ന ചെറുതന പുത്തൻചുണ്ടൻ, യുബിസി കൈനകരി തുഴയുന്ന ആയാപറമ്പ് പാണ്ടി, ചമ്പക്കുളം ബോട്ട്ക്ലബ് തുഴയുന്ന ചമ്പക്കുളം ചുണ്ടൻ, നിരണം ബോട്ട്ക്ലബ് തുഴയുന്ന ആയാപറമ്പ് വലിയദിവാൻജി എന്നിവയാണ് ചുണ്ടൻ വള്ളങ്ങളിൽ മത്സരിക്കുന്നത്. വെപ്പ് വള്ളങ്ങളുടെ മത്സരവും വാശിയേറും. വെപ്പ് എ ഗ്രേഡിൽ കാരിച്ചാൽ ബോട്ട് ക്ലബ് മണലിയിലും കുമരകം ടൗൺ ബോട്ട്ക്ലബ് അമ്പലക്കടവനിലും കുമരകം നടുവിലേപുരയ്‌ക്കൽ കൾച്ചറൽ ആൻഡ് ഡെവലപ്‌മെന്റ് സൊസൈറ്റി നവജ്യോതിയിലും മത്സരിക്കും. വെപ്പ് ബി ഗ്രേഡിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ് പി ജി കരിപ്പുഴയിലും വൈശ്യംഭാഗം വിബിസി ബോട്ട് ക്ലബ് പുന്നത്രപുരയ്‌ക്കലിലും കൊടുപ്പുന്ന ബോട്ട് ക്ലബ് തോട്ടുകടവനിലും മത്സരിക്കും.









0 comments