ഗൃഹസന്ദർശനവുമായി തോമസ് ഐസക് ആലപ്പുഴയിൽ
ഹൃദയഭാഷയിൽ വാചാലം വീട്ടകങ്ങൾ

സിപിഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായി വളവനാട് പെരുമന റെയിൽവേ ക്രോസിന് സമീപം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് മാരാരിക്കുളം സ്വദേശി ക്ലീറ്റസിനൊപ്പം

സ്വന്തം ലേഖകൻ
Published on Jan 20, 2026, 01:26 AM | 2 min read
ആലപ്പുഴ
വളവനാട് പെരുമന റെയിൽവേ ക്രോസിന് സമീപം മീൻകൊട്ടയുമായി നടന്നുവന്ന കാവുകാരൻ ക്ലീറ്റസേട്ടനെ കണ്ടതോടെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് കാറിൽനിന്നിറങ്ങി. തന്നെ ലോകത്തിന് പരിചയപ്പെടുത്തിയ ഗ്രന്ഥകർത്താവിനെ കണ്ടതോടെ ക്ലീറ്റസേട്ടനും ഹാപ്പി. 95 വയസുള്ള ക്ലീറ്റസേട്ടനെ ചേർത്തുപിടിച്ച് തോമസ് ഐസക് വിശേഷങ്ങളും മത്സ്യവിൽപ്പനയുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 24–ാം വാർഡ് കോർത്തുശേരി പടിഞ്ഞാറ് ഗൃഹസന്ദർശനത്തിന് എത്തിയതായിരുന്നു ഡോ. ടി എം തോമസ് ഐസക്.
‘പെൻഷൻ ഉൾപ്പെടെ നല്ല പ്രവർത്തനങ്ങളല്ലേ സർക്കാർ നടത്തുന്നെ. എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറച്ച് വാർഡുകൾ നഷ്ടമായി. മാരാരിക്കുളത്ത് അങ്ങനെ പാടില്ലാത്തതാണല്ലോ. അതെന്താണെന്ന് വീടുകളിലെത്തി നേരിട്ട് തിരക്കാൻ പാർടി വിട്ടതാണ്’ സ്വതസിദ്ധമായ ശൈലിയിൽ തോമസ് ഐസക് ജനങ്ങളോട് സംവദിച്ചുതുടങ്ങി. ജനപ്രതിനിധിയെയും പാർടി പ്രവർത്തകരെയും ഹൃദയപൂർവം വരവേറ്റ പ്രദേശവാസികൾ സർക്കാരിനെയും ഭരണത്തെയുംകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു. എൽഡിഎഫിന്റെ നയങ്ങളും പ്രവർത്തനങ്ങളും 10 വർഷത്തിനിടെ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും വിശദീകരിച്ചായിരുന്നു തീരദേശമേഖലയിലെ സന്ദർശനം. എൽഡിഎഫ് സർക്കാരിന് കീഴിൽ നാട് കൈവരിച്ച പുരോഗതിയിൽ തൃപ്തരാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയും പ്രതികരണം.
യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വർഗീയ ധ്രുവീകരണത്തിന്റെ ആശങ്കയും വോട്ടർമാർ പങ്കുവച്ചു. ആനുകാലിക സംഭവങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ സഹകരണത്തോടെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങളെ ഓരോ വീട്ടിലും നേരിട്ടെത്തി തുറന്നുകാട്ടുകയായിരുന്നു പാർടി പ്രവർത്തകർ.
ഇടതുപക്ഷം കരുത്തുനൽകിയ കുടുംബശ്രീ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് തോമസ് ഐസക്കിനോട് പുന്നയ്ക്കൽ വീട്ടിൽ ബീന അലോഷ്യസ് വാചാലയായി. നാടിന്റെ വളരെ നാളത്തെ ആവശ്യമായിരുന്ന വാഴക്കൂട്ടം പാലം യാഥാർഥ്യമായതിന്റെ സന്തോഷം പങ്കുവച്ചത് വാലയിൽ ജേക്കബും ഭാര്യ ഗ്രേസിയുമാണ്. 70 കോടി ചെലവിൽ നിർമാണം പൂർത്തിയാകുന്ന ചെട്ടികാട് ആശുപത്രി തീരമേഖലയിൽ വലിയ സഹായമാകുമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, വാർഡ് മെമ്പർ ഷീല സുരേഷ്, സിപിഐ എം വളവനാട് ലോക്കൽ സെക്രട്ടറി പി ചിദംബരൻ, ലോക്കൽ കമ്മിറ്റിയംഗം വി എസ് ഹെൻട്രി എന്നിവർ തോമസ് ഐസക്കിനൊപ്പമുണ്ടായിരുന്നു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ അരൂരും,സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ചെറുവാരണത്തും, കൺട്രോൾകമീഷൻ ചെയർമാൻ കെ എസ് ബാബുജാൻ മാവേലിക്കര ഭരണിക്കാവിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ് എന്നിവർ ആലപ്പുഴയിലും ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു.








0 comments