നെടുമ്പാശേരി അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

നെടുമ്പാശേരി: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി. മുഖ്യപ്രതി സുഹൈൽ സജീവിന്റെ മൂത്ര, രക്ത സാന്പിളുകളുടെ പരിശോധനാഫലവും ബുധനാഴ്ച ലഭിച്ചേക്കും. മറ്റു രാസലഹരികളുടെ സാന്നിധ്യം ഇതിൽ അറിയാനാകും.
അതേസമയം മുഖ്യപ്രതിയുടെ പേരും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നതും എഫ്ഐആറിൽനിന്ന് ഒഴിവാക്കിയതിൽ മരിച്ചവരുടെ സുഹൃത്തിനെ പൊലീസ് പഴിചാരുകയാണ്. സർക്കാരിന്റെയും പൊലീസിന്റെയും കള്ളക്കളി പുറത്തായതോടെയാണ് തെറ്റിദ്ധരിപ്പിക്കാനും തടിതപ്പാനുമുള്ള ശ്രമം. മരിച്ച മൂന്നുപേരുടെയും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് റൂറൽ എസ്പി എസ് സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ആരെന്നോ, അയാൾ മദ്യപിച്ചിരുന്നെന്നോ സുഹൃത്തിന് അറിയില്ലായിരുന്നു. അതുകൊണ്ട് അയാളുടെ മൊഴിയിലും അതില്ലായിരുന്നു. ആ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. പിന്നീട് വൈദ്യപരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചപ്പോൾ മദ്യപിച്ചെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ റിമാൻഡ് റിപ്പോർട്ടിൽ ഇതും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും രേഖപ്പെടുത്തി. മദ്യപിച്ചതിന് മോട്ടോർവാഹന നിയമപ്രകാരമുള്ള റിപ്പോർട്ടും കോടതിയിൽ നൽകി. കുറ്റകരമായ നരഹത്യക്കും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി. പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് വിട്ടത് മജിസ്ട്രേട്ടാണ്.
ഞായർ പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ് അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിന്പ ചെന്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മിനികൂപ്പർ ഇടിക്കുകയായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവർ റിമാൻഡിലാണ്.







0 comments