ബജറ്റിൽ ചർച്ച അനുവദിക്കാതെ യുഡിഎഫ്
എൽഡിഎഫ് കൗൺസിലർമാരെ യുഡിഎഫ് ആക്രമിച്ചു

ആലപ്പുഴ നഗരസഭ ബജറ്റിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച കൗൺസിലർ ജി ശ്രീജിത്തിനെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ്ചെയ-്ത് നീക്കുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ
ആലപ്പുഴ നഗരസഭയിൽ ബജറ്റിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച എൽഡിഎഫ് കൗൺസിലർമാരെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. ചെയർപേഴ്‌സന്റെ ചേമ്പർ ഉപരോധിച്ച എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി ജി വിഷ്‌ണു ഉൾപ്പെടെ ആറ് കൗൺസിലർമാരെയാണ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് നടപടിക്കിടെ യുഡിഎഫ് കൗൺസിലർമാർ എൽഡിഎഫ് കൗൺസിലർമാരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർ ടി ആർ രാജേഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പകൽ 12 ഓടെയാണ് വൈസ് ചെയർപേഴ്‌സൺ ബജറ്റ് അവതരണം പൂർത്തിയാക്കിയത്. അജണ്ടയിൽ ഉച്ചയ്‌ക്ക് ശേഷമാണ് ചർച്ചയെന്നും ആവശ്യമെങ്കിൽ ഉടനാരംഭിക്കാമെന്നും ചെയർപേഴ്‌സൺ മോളി ജേക്കബ് കൗൺസിലിനെ അറിയിച്ചു. ഇതനുസരിച്ച് ചർച്ചയ്‌ക്കായി വി ജി വിഷ്‌ണു എഴുന്നേറ്റപ്പോൾ ഭരണപക്ഷ കൗൺസിലർമാർ ബഹളമുണ്ടാക്കി. ഇതോടെ ചർച്ച ഉച്ചയ്ക്ക് ശേഷമെന്ന് പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ തലയൂരി. ചർച്ച അനുവദിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം തയ്യാറായില്ല. ഇതോടെ എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. ബജറ്റ് കൗൺസിലർമാർ ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചു. ഇതിനിടെ കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിയോടിയ ചെയർപേഴ്‌സണും യുഡിഎഫ് കൗൺസിലർമാരും ഒന്നാം നിലയിലെ ചേമ്പറിൽ കയറി മുറി പൂട്ടി. എൽഡിഎഫ് കൗൺസിലർമാർ ചേമ്പർ ഉപരോധിച്ചു. ഒന്നരയോടെ ചെയർപേഴ്‌സന്റെ ആവശ്യപ്രകാരം പൊലീസെത്തി എൽഡിഎഫ് കൗൺസിലർമാരെ ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇൗ സമയത്താണ് എൽഡിഎഫ് കൗൺസിലറെ യുഡിഎഫ് അംഗങ്ങൾ ആക്രമിച്ചത്. പാർലമെന്ററി പാർടി നോതാവ് വി ജി വിഷ്‌ണു, കൗൺസിലർമാരായ ടി ആർ രാജേഷ്, ഒ പി ഷാജി, പി കെ ഫൈസൽ, ജി ശ്രീജിത്ത്, ആർ രാകേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. പിന്നീട് ജാമ്യത്തിൽവിട്ടു.
പൊലീസ് സ്‌റ്റേഷനിലേക്ക് എൽഡിഎഫ് മാർച്ച്
എൽഡിഎഫ് കൗൺസിലർമാരെ അസഭ്യം പറയുകയും തറയിലൂടെ വലിച്ചിഴക്കുകയുംചെയ്‌ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ കെ ജയമ്മ, മായാ രാജേന്ദ്രൻ, സൗമ്യ രാജ്, എ എസ് കവിത, എം ജി സതീദേവി, ബിന്ദു തോമസ്, രശ്‌മി സനിൽ, എസ് ഫൈസൽ എന്നിവർ നേതൃത്വം നൽകി. ആക്രമണത്തിനെതിരെ പരാതി
നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബിന്റെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ ആക്രമിച്ചതായി എൽഡിഎഫ് കൗൺസിലർ ടി ആർ രാജേഷ് പൊലീസിൽ പരാതി നൽകി. ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ വൈസ് ചെയർപേഴ്‌സൺ ജോസ് ചെല്ലപ്പൻ, യുഡിഎഫ് പാർലമെന്ററി പാർടി നേതാവ് അഡ്വ. ആർ ആർ ജോഷിരാജ്, കൗൺസിലർമാരായ നൂറുദ്ദീൻ കോയ, ബീന കൊച്ചുബാവ, എസ് നാസിയ കണ്ടാലറിയാവുന്ന മറ്റ് 10 പേരും ചേർന്ന് മർദ്ദിച്ചെന്നും ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാമെന്നും പരാതിയിൽ പറയുന്നു. സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമായി എത്തിയ 10 വനിത കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നെന്നും ഗതാഗതതടസമുണ്ടാക്കിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്.
മുഖ്യമന്ത്രിയ്‌ക്കും ഡിജിപിക്കും പരാതി നൽകും
വനിത ജനപ്രതിനിധികളെയടക്കം ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്‌ത ആലപ്പുഴ സൗത്ത് പൊലീസ് സബ് ഇൻസ്‌പെക്‌ടർ പി ആർ രാജീവിനെതിരെ മുഖ്യമന്ത്രിയ്‌ക്കും ഡിജിപിക്കും പരാതി നൽകുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി ജി വിഷ്‌ണു പറഞ്ഞു.









0 comments