വിസ്മയംതീർത്ത് മൂന്നാംദിനം

ആലപ്പുഴ
മൈലാഞ്ചിച്ചോപ്പും ഇശലുകളുമായി എത്തിയ മൊഞ്ചത്തികളിലും വർണ വിസ്‌മയം തീർത്ത സംഘനൃത്തത്തിലും കണ്ണഞ്ചി കലോത്സവത്തിന്റെ മൂന്നാം ദിനം. കുച്ചിപ്പുടിയും പരിചമുട്ടും കലയുടെ മാസ്‌മരിക കാഴ്ചകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി. നിറഞ്ഞ സദസ്സിലാണ് സംഘനൃത്തം അരങ്ങേറിയത്. മലയപ്പുലയാട്ടവും മംഗലംകളിയും വേദികളെ കൂടുതൽ ശ്രദ്ധേയമാക്കി. വയലിനും ലളിതഗാനവും ദേശഭക്തി ഗാനവും കലോത്സവത്തെ സംഗീത സാന്ദ്രമാക്കി.
സംഘനൃത്ത മത്സരത്തിനിടെ എറിഞ്ഞ മഞ്ഞൾപൊടി ശ്വസിച്ച് വിധികർത്താവിന് ശ്വാസതടസമുണ്ടായി. ആശുപത്രിയിലെത്തിച്ചശേഷം മറ്റൊരാളെ നിയോഗിച്ചാണ് മത്സരം പുനരാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിലെയും കുച്ചിപ്പുടിയിലെയും ഫലപ്രഖ്യാപനത്തിനെതിരെ പ്രതിഷേധമുണ്ടായി. മൂന്ന് ദിവസത്തിനിടെ 48 അപ്പീലാണ് ആകെ ലഭിച്ചത്. ബുധനാഴ്‌ച മാത്രം 24 അപ്പീൽ ലഭിച്ചു. നാലാംദിവസമായ വ്യാഴാഴ്ച മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, കോൽക്കളി, മിമിക്രി എന്നിവ വിവിധവേദികളിൽ അരങ്ങേറും.









0 comments