ad
Deshabhimani

29 ശതമാനം മഴ കുറഞ്ഞു 


പെയ്യാൻ മടിച്ച്‌ 
കാലവർഷം

Rain
വെബ് ഡെസ്ക്

Published on Jun 25, 2026, 02:08 AM | 1 min read

ആലപ്പുഴ

ശക്തമായ വേനൽമഴയ്‌ക്ക്‌ പിന്നാലെ ദുർബലമായി കാലവർഷം. കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ കാലവർഷം കണക്കാക്കുന്ന ജൂൺ ഒന്നുമുതൽ 24 വരെ സാധാരണ ലഭിക്കേണ്ടതിന്റെ 29 ശതമാനം കുറവ്‌ മഴയാണ്‌ ജില്ലയിൽ. സാധാരണ ലഭിക്കേണ്ടത്‌ 447.7 മില്ലീമീറ്റർ മഴയാണ്‌. എന്നാൽ ലഭിച്ചത്‌ 318.1 മില്ലീമീറ്റർ മഴ മാത്രമാണ്‌. ശക്തമായി വേനൽമഴ തുടരുന്നതിനിടെ നാല്‌ ദിവസം വൈകി ജൂൺ നാലിനാണ്‌ കാലവർഷം കേരളത്തിലെത്തിയത്‌. ആദ്യ ആഴ്‌ചയിൽ സാധാരണയിലും 32 ശതമാനം അധികമഴ ലഭിച്ചപ്പോൾ രണ്ടാം ആഴ്‌ചയിൽ ലഭിക്കേണ്ടതിലും 62 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇക്കുറി സംസ്ഥാനത്തുതന്നെ കൂടുതൽ വേനൽമഴ ലഭിച്ചത്‌ ആലപ്പുഴയിലാണ്‌. വേനൽമഴ കണക്കാക്കുന്ന മാർച്ച് ഒന്നുമുതൽ മെയ് 31 വരെ സാധാരണയിലും 42 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചിരുന്നു– 626.8 മില്ലീമീറ്റർ. സാധാരണ ലഭിക്കേണ്ടത്‌ 441.4 മില്ലീമീറ്ററാണ്‌. കഴിഞ്ഞ വർഷം മുഴുവൻ തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിച്ചപ്പോൾ ആലപ്പുഴയിൽ 1541.6 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. സാധാരണയെക്കാൾ (1643 ) ആറ്‌ ശതമാനം മാത്രമായിരുന്നു കുറവ്‌. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാക്കുന്നതെന്നാണ്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്‌. ഈർപ്പമേറിയ പടിഞ്ഞാറൻ കാറ്റുകളുടെ വേഗത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വലിയ തോതിൽ മഴമേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ അന്തരീക്ഷ ചുഴികളുടെ അഭാവത്തിൽ അവ എത്തുന്നുമില്ല. ഇവയെല്ലാം സംസ്ഥാനത്ത്‌ മഴ കുറയാൻ കാരണമാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home