പൈപ്പിടാൻ പകുതിയിലേറെ വെട്ടിപ്പൊളിച്ചു
പറയങ്കേരി -– കോട്ടമുറി റോഡ് യാത്ര കഠിനം

പറയങ്കേരി – കോട്ടമുറി റോഡ് തകർന്ന നിലയിൽ
മാന്നാർ
ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി പള്ളിപ്പാട് ജലശുദ്ധീകരണ ശാലയിലേക്ക് മാന്നാർ മുല്ലശേരിക്കടവിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച പറയങ്കേരി – കോട്ടമുറി റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് റോഡിന്റെ പകുതിയിലേറെ ഭാഗം വെട്ടിപ്പൊളിച്ചത്. ആദ്യഘട്ടത്തിൽ പൈപ്പിടുന്ന ജോലികൾ പൂർത്തിയാക്കിയ ഹരിപ്പാട്- ഇലഞ്ഞിമേൽ റോഡിലെ കോട്ടമുറി ജങ്ഷൻമുതൽ പറയങ്കേരി പാലംവരെയുള്ള ഭാഗത്തെ റോഡ് പൈപ്പ് സ്ഥാപിച്ചശേഷം കുഴികൾ മൂടിയെങ്കിലും ഈ ഭാഗം ടാറിങ് നടത്തിയിട്ടില്ല. മണ്ണും വലിയ പാറക്കല്ലുകളും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും അപകടഭീഷണി ഉയർത്തുകയാണ്. കല്ലുകളിൽ തട്ടി നിയന്ത്രണംവിട്ട് ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ടാറിങ്ങുള്ള ഭാഗത്തുകൂടി മാത്രം ഇരുവശങ്ങളിൽനിന്നുമുള്ള വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകേണ്ടി വരുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. റോഡിൽനിന്ന് ഉയരുന്ന കനത്ത പൊടിയും മഴക്കാലത്തെ വെള്ളക്കെട്ടും സമീപവാസികർക്ക് ദുരിതമാണ്.









0 comments