വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കി; ജെഎൻയു സമരത്തിന് വിജയം

ന്യൂഡൽഹി: ജെഎൻയു വിദ്യാർഥികളുടെ 18 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു. വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കെതിരായ റസ്റ്റിക്കേഷൻ നടപടി പിൻവലിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വിദ്യാർഥികളുടെ മറ്റു പ്രധാന ആവശ്യങ്ങളിലും സർവകലാശാല അധികൃതരുമായി ധാരണയിലെത്തി. ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റും മലയാളിയുമായ കെ ഗോപിക ബാബു ഉൾപ്പെടെയുള്ളവർ ഒക്ടോബർ മൂന്നുമുതലാണ് നിരാഹാരസമരം നടത്തിവന്നത്.
വിദ്യാർഥി പ്രതിനിധികൾക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന പ്രധാന ആവശ്യത്തിൽ സർവകലാശാല അധികൃതർ വഴങ്ങിയതോടെ സമരത്തിന് നിർണായക നേട്ടമായി. സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളിലും ചർച്ച നടന്നു. ജെഎൻയു പ്രവേശനപരീക്ഷയായ ജെഎൻയുഇഇ പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിക്കാൻ വിദ്യാർഥി പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കാമെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി.
വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര, വൈസ് പ്രസിഡന്റ് കെ ഗോപിക ബാബു, ജനറൽ സെക്രട്ടറി സുനിൽ യാദവ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നൽകിയത്. വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുക, ചീഫ് പ്രോക്ടർ ഓഫീസ് മാനുവലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കുക, ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കുന്ന ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റിയായ ജിഎസ്‌കാഷ് പുനഃസ്ഥാപിക്കുക, ഹോസ്റ്റൽ സൗകര്യങ്ങളും സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ 13 ആവശ്യങ്ങളുയർത്തിയായിരുന്നു സമരം.
ദിവസങ്ങൾ പിന്നിട്ടതോടെ നിരാഹാരമിരുന്ന വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമായി വഷളായിരുന്നു. തുടർച്ചയായ ഛർദിയും ക്ഷീണവും കാരണം നടക്കാൻപോലും കഴിയാത്ത അവസ്ഥയിലായിട്ടും വിദ്യാർഥികൾ പോരാട്ടത്തിൽനിന്ന് പിന്മാറിയില്ല. വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്റെ നിലപാടിനെതിരെ ഗോപിക ബാബു ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. ആരോഗ്യനില മോശമായിട്ടും വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
ജെഎൻയുവിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥി സംഘടനകളും ജനാധിപത്യപ്രവർത്തകരും രംഗത്തെത്തിയിരുന്നു. സിപിഐ എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. സർവകലാശാല ഭരണകൂടത്തിന്റെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരായ പ്രതിഷേധം ശക്തമായതിനിടെയാണ് ചർച്ചകളിൽ വഴിത്തിരിവുണ്ടായത്.








0 comments