Deshabhimani

തമിഴ്‌നാട്ടിലെ ആറ് വയസ്സുകാരിയുടെ തിരോധാനം: 7 പ്രത്യേക ടീമുകളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതം

Missing
വെബ് ഡെസ്ക്

Published on Oct 20, 2026, 01:43 PM | 1 min read

വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് കാണാതായ ആറ് വയസ്സുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഒക്ടോബർ 12ന് പുലർച്ചെയാണ് അലമ്പുണ്ടി ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ ഏഴ് പ്രത്യേക പൊലീസ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.


സെഞ്ചിക്ക് സമീപമുള്ള അലമ്പുണ്ടി ഗ്രാമവാസിയായ കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതുവരെ നടത്തിയ വ്യാപകമായ തിരച്ചിലിൽ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.


അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരെ ചോദ്യം ചെയ്തു. ഗ്രാമത്തിന് ചുറ്റുമുള്ള കുളങ്ങൾ, കുന്നുകൾ, വനമേഖലകൾ, മറ്റ് വിജനമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി. സംശയാസ്പദമായ വ്യക്തികളെ ചോദ്യം ചെയ്തു വരുന്നു.


വിവിധ കോണുകളിലായി ഏകദേശം 600 മൊബൈൽ ഫോൺ നമ്പറുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും വിശകലനം ചെയ്യുന്നുണ്ടെന്ന് വില്ലുപുരം ജില്ലാ പൊലീസ് അറിയിച്ചു. മന്ത്രി എൻ ആനന്ദ് കുട്ടിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടുകയും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തു. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home