പെരുന്പളം പാലം 3ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

പെരുമ്പളം പാലം
ചേർത്തല
ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ പെരുന്പളം പാലവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി. വേന്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പാലം മാർച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കായലിനാൽ ചുറ്റപ്പെട്ട പെരുന്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് കിഫ്‌ബിയുടെ 100 കോടിയോളം രൂപ ചെലവിൽ നിർമിച്ച പാലം. പ്രകൃതിരമണീയമായ പെരുന്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ് സർക്കാരിന്റെ അഭിമാന പദ്ധതി. കോടതി വ്യവഹാരം ഉൾപ്പെടെ വെല്ലുവിളി അതിജീവിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. 10000ൽപ്പരം മാത്രമുള്ള പെരുന്പളത്തുകാർക്കായി 100 കോടിയിലേറെ ചെലവിട്ട് പാലം നിർമിച്ചത് കേരളവികസന ചരിത്രത്തിൽ സുപ്രധാനമായി. എല്ലാവരിലും വികസനത്തിന്റെ സ്വാദ് എത്തണമെന്ന സർക്കാർനയമാണ് നാടിന് അനുഗ്രഹമായത്. 11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം വിസ്‌മയക്കാഴ്‌ചയാണ്. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകൾ ഒഴിവാക്കാൻ ബോസ്‌ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം. ഇവിടെ മഴവിൽ വർണത്തിലാണ് പെയിന്റിങ്. ഇരുകരകളിലെയും സമീപനറോഡ് ടാറിങ്ങും പാലത്തിൽ കോൺക്രീറ്റിന് മുകളിലെ ടാറിങ്ങും മാത്രമാണ് പൂർത്തിയാകാനുള്ളത്. സമീപനറോഡ് ടാറിങ് ഉടൻ സമീപനറോഡുകളുടെ ടാറിങ് അടുത്തയാഴ്‌ച നടത്തുമെന്ന് നിർമാണ കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോട്രാക്‌ട് സൊസൈറ്റി അധികൃതർ പറഞ്ഞു. പാലത്തിലെ ടാറിങ്ങും ഉടൻ നടത്തും. അതിസങ്കീർണമായ സമീപനറോഡ് നിർമാണം ഏറെ സമയം ചെലവിട്ടാണ് പൂർത്തിയാക്കിയത്. ദുർബലമായ ഭൂഘടനയാണ് നിർമാണത്തിന് വെല്ലുവിളിയായത്. 8000ൽപ്പരം തെങ്ങിൻതടി താഴ്‌ത്തിയാണ് അടിത്തട്ട് ബലപ്പെടുത്തിയത്. ആഘോഷമാക്കും പാലം യാഥാർഥ്യമാകുന്പോൾ ഉദ്‌ഘാടനം ജനകീയ ഉത്സവമാക്കാനാണ് പെരുന്പളത്ത് തയ്യാറെടുപ്പ്. മുൻ എംപി എ എം ആരിഫ് ചെയർമാനും ദലീമ എംഎൽഎ കൺവീനറുമായ ജനകീയസമിതി നേതൃത്വത്തിൽ ഒരാഴ്‌ചത്തെ ആഘോഷമാണ് സംഘടിപ്പിക്കുക. വിളംബരദീപം തെളിക്കൽ, ടൂറിസം സെമിനാർ, ചരിത്ര സെമിനാർ തുടങ്ങിയവ ആഘോഷഭാഗമാകും. നാടൊന്നാകെ ഉദ്‌ഘാടന പരിപാടിയിൽ പങ്കാളികളാകും.










0 comments