വിനോദസഞ്ചാരികൾക്ക് ലഹരി വിൽപ്പന
നഗരത്തിൽ 5 പേർ പിടിയിൽ

ആലപ്പുഴ
നഗരത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സംഘം 2.5 കിലോ കഞ്ചാവുമായി പിടിയിൽ. സിവിൽ സ്‌റ്റേഷൻ വാർഡിൽ കാദർപറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡ് പുതുവൽ പുരയിടം സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് 12–ാം വാർഡിൽ ആലുംമൂട് അനീഷ്, തിരുവമ്പാടി വട്ടയാൽ വാർഡിൽ അഷ്‌കർ കോട്ടേജിൽ മുഹമ്മദ് അഷ്‌കർ (38), ആലശേരി വാർഡിൽ പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ (45) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിങ് പോയിന്റ് എന്നിവിടങ്ങളിലായിരുന്നു കഞ്ചാവ് വിൽപ്പന. ചൊവ്വ പുലർച്ചെ 12.30ന് ഇരുമ്പുപാലത്തിന് സമീപമാണ് ഇവർ പിടിയിലായത്. കഞ്ചാവ് പായ്‌ക്ക് ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്‌റ്റിക് കവറുകൾ, തൂക്കുന്നതിനുള്ള ഇലക്‌ട്രോണിക് വെയിങ് മെഷീനും ഇവരിൽനിന്ന് പിടിച്ചെടുത്തു. നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷൻ ഐഎസ്‌എച്ച്‌ഒ വി ഡി റെജിരാജിന്റെയും പ്രിൻസിപ്പൽ എസ്‌ഐ പി ആർ രാജീവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.









0 comments