സലാം ഞങ്ങളിലൊരാൾ

അമ്പലപ്പുഴ
സാധാരണക്കാരുടേയും പാവപ്പെട്ടവരുടെയും മനസറിയുന്ന ജനപ്രതിനിധിയാണ് അമ്പലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമെന്ന് സിപിഐ എമ്മിന്റെ മുതിർന്ന അംഗം തോട്ടപ്പള്ളി കൊട്ടാരവളവ് കൃഷ്‌ണൻചിറ പുറവാരത്ത് വീട്ടിൽ ജി കരുണാകരൻ. തോട്ടപ്പള്ളിയിൽ വിവിധ ബ്രാഞ്ചുകളുടെ സെക്രട്ടറിയായും ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിരുന്ന കാലം മുതൽ സലാമിനെ അറിയാം.
വണ്ടാനത്ത് ഒരു ചായക്കടകൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരു സാധാരണക്കാരന്റെ മകനായ സലാമിന് പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങൾ ഒപ്പമിരുന്ന് കേൾക്കാനും വേഗത്തിൽ മനസിലാക്കാനും കഴിയും. കഴിഞ്ഞ തെരഞ്ഞടുപ്പുകാലത്ത് വീടിന്റെ മുമ്പിലൂടെ കടന്നുപോകുന്ന കൊട്ടാരവളവ്–കൃഷ-്‌ണൻചിറ റോഡ് പൂർത്തിയാക്കണമെന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചത്. എംഎൽഎ ആയശേഷം അദ്ദേഹം റോഡ് സഞ്ചാരയോഗ്യമാക്കിത്തന്നു.
നാലുചിറപാലത്തിന് കൂടുതൽ പണമനുവദിച്ച് നാടിന്റെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പും സലാം യാഥാർഥ്യമാക്കി. കരുമാടി ബൈപ്പാസിന്റെ പണികൂടി കഴിഞ്ഞാൽ പ്രദേശം കുറ്റമറ്റതാകും. ഈ സർക്കാരിന്റെ വികസനനയം മണ്ഡലത്തിൽ പൂർണമാക്കിയ എച്ച് സലാമിന്റെ വിജയം ഇവിടെ ഉറപ്പാണ്. ശാരീരികമായ അവശതകളുണ്ടെങ്കിലും എൺപതാം വയസിലും പാർട്ടി അംഗമായി തുടരുന്ന കരുണാകരൻ പറഞ്ഞു.
രാവിലെ വീട്ടിലെത്തിയാണ് കരുണാകരനെ എച്ച് സലാം സന്ദർശിച്ചത്. തുടർന്ന് പുലയൻവഴിയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. പിന്നീട് പുറക്കാട്, അമ്പലപ്പുഴ, നീർക്കുന്നത്ത് ഉൾപ്പടെ നടന്ന എൽഡിഎഫ് കൺവൻഷനുകളിലും പങ്കെടുത്തു.










0 comments