താമല്ലാക്കലില്‍ റോഡ് ഇടിഞ്ഞു

ദേശീയപാതയിൽ നിർമാണം നടക്കുന്ന കെ വി ജെട്ടി ജങ്ഷന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്ന മിനിലോറി
ഹരിപ്പാട്
ദേശീയപാത നിർമാണം നടക്കുന്ന താമല്ലാക്കൽ കെ വി ജെട്ടി ജങ്ഷനു സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നു. ശനി രാവിലെ എട്ടോടെയായിരുന്നു സംഭവം. ഹരിപ്പാട് ഭാഗത്തേക്ക് വാഴക്കുലയുമായി പോയ പിക്കപ്പ് വാൻ സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. വാഹനത്തിന്റെ പിൻ ചക്രം താഴ്ചയിലേക്കിറങ്ങി. തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് വാഹനം തള്ളി മാറ്റി. റോഡ് നിര്‍മാണ കരാർ കമ്പനി തൊഴിലാളികളെത്തി ഗതാഗതം തിരിച്ചുവിട്ട് ഗതാഗതം പുനസ്ഥാപിച്ചു. പാതയില്‍ വെള്ളം കെട്ടിനിന്ന ഭാഗത്തെ റോഡാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞദിവസം ജങ്ഷന് തെക്കുഭാഗത്ത് നിർമാണം നടക്കുന്ന ദേശീയപാതയിൽ വെള്ളം കയറി ഗതാഗതതടസമുണ്ടായിരുന്നു. ദേശീയപാത നിർമാണത്തിലെ അപാകതമൂലം മുന്പ് നാരകത്ര, താമല്ലാക്കൽ ഭാഗത്തെ ഓടയും സർവ്വീസ് റോഡും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടിരുന്നു. അശാസ്ത്രീയമായി നിര്‍മിച്ച ഓടയും സർവ്വീസ് റോഡുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഭൂനിരപ്പിൽ നിന്നും നിലവിലുണ്ടായിരുന്ന റോഡിൽ നിന്നും മൂന്ന് അടിയോളം താഴ്ചയിലാണ് സർവീസ് റോഡും ഓടയും നിർമിച്ചിട്ടുള്ളത്. മഴ തുടങ്ങിയതോടെ സർവീസ് റോഡിൽ മൂന്ന് അടിയോളം വെള്ളം കയറി ഇതുവഴിയുള്ള യാത്ര അസാധ്യമായി. കരാർ കമ്പനിയും ദേശീയ പാതാവിഭാഗം അധികൃതരും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് പ്രദേശവാസികളും കച്ചവടക്കാരും ആരോപിച്ചു. നാരകത്ര- താമല്ലാക്കൽ ഭാഗത്ത് സർവീസ് റോഡും ഓടയും ഉയർത്തി നിർമിക്കുക, ആറാം വാർഡിന്റെ വടക്കേയറ്റത്തെ വെള്ളകെട്ടിന് പരിഹാരം കാണുക, താമല്ലാക്കൽ ജങ്ഷനില്‍ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുക, നാരകത്ര അടിപ്പാതയുടെ നിർമാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിരുന്നു.











0 comments