ചുവന്നുതുടുത്ത് പുന്നപ്ര

വി പ്രതാപ്
Published on Nov 27, 2025, 12:31 AM | 1 min read
അന്പലപ്പുഴ
പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളിലെ 19 വീതം വാർഡുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ അഞ്ചും നെടുമുടിയിലെ മൂന്നും കൈനകരിയിലെ പതിനാലും ചമ്പക്കുളം പഞ്ചായത്തിലെ മൂന്ന് വാർഡുകളും ഉൾപ്പെടെ 63 വാർഡുകളാണ് ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനിൽ. ആകെ 89,827 വോട്ടർമാർ. വിദ്യാർഥി–യുവജന പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആർ രാഹുലാണ് വിപ്ലവ ഭൂമിയുടെ ചെങ്കോട്ടകാക്കാൻ എൽഡിഎഫിനായി ജനവിധി തേടുന്നത്.
എസ്എഫ്ഐയിലൂടെ അവകാശ പോരാട്ടങ്ങളിൽ നിറസാന്നിധ്യമായ രാഹുൽ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായും നേതൃപാടവം തെളിയിച്ചു. ഇപ്പോൾ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി വേണുഗോപാൽ ഉൾപ്പടെ നേതൃനിരയെ നെഞ്ചേറ്റിയ ചരിത്രമാണ് പുന്നപ്രയുടേത്.
നിരവധി അങ്കണവാടികൾ, സ്‌കൂൾ കെട്ടിടങ്ങൾ, നാട്ടിടവഴികൾ, റോഡുകൾ, പാടശേഖരങ്ങൾക്ക് മോട്ടോർ തറകൾ, പുറം ബണ്ടുകളുടെ നിർമാണം, മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങൾ, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ, വീടുകളിൽ ബയോ ബിന്നുകൾ ഉൾപ്പടെ നൽകി നാടിന്റെ സമഗ്രമായ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായ നിലവിലെ അംഗം ഗീതാ ബാബു കോടികളുടെ വികസനങ്ങളാണ് ഡിവിഷന് സമ്മാനിച്ചത്.
ഡിസിസി അംഗവും സേവാദൾ അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാനുമായ പി ഉദയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ആലപ്പുഴ നോർത്ത് സെൽ കോ–ഓർഡിനേറ്റർ വി ബാബുരാജാണ് എൻഡിഎയ്‌ക്കായി മത്സരിക്കുന്നത്.









0 comments