ad
Deshabhimani

അധിക്ഷേപ പരാമർശം

ജി സുധാകരനെതിരെ പ്രതിഷേധം ഇരന്പി

G Sudhakaran

ജി സുധാകരന്‍ എംഎൽഎയുടെ പറവൂരിലെ ഓഫീസിലേക്ക് സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Jul 12, 2026, 02:31 AM | 1 min read

സ്വന്തം ലേഖകൻ

ആലപ്പുഴ

സിപിഐ എം പ്രവർത്തകരെയും ജനപ്രതിനിധികളെയും നിരന്തരം അധിക്ഷേപിക്കുന്ന ജി സുധാകരൻ എംഎൽഎയുടെ നിലപാടിനെതിരെ സിപിഐ എം പ്രതിഷേധം ഇരന്പി. അന്പലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പറവൂരിലെ എംഎൽഎ ഓഫീസിന്‌ മുന്നിലേക്ക്‌ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. പാർടിക്കും പ്രവർത്തകർക്കുമെതിരായ അധിക്ഷേപം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി സിപിഐ എം പുന്നപ്ര തെക്ക്‌ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ എംഎൽഎ ഓഫീസിന്‌ സമീപം പൊലീസ്‌ ബാരിക്കേഡ്‌ ഉയർത്തി തടഞ്ഞു. തുടർന്ന്‌ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുവാങ്ങി ജയിച്ചശേഷം എന്ത്‌ തോന്ന്യാസവും ആകാമെന്ന ജി സുധാകരന്റെ നിലപാട്‌ ശരിയല്ലെന്ന്‌ ആർ നാസർ പറഞ്ഞു. കഴിഞ്ഞ ദിവസം നീർക്കുന്നം എസ്‌ഡിവി ഗവ. യു പി സ്‌കൂളിൽ കോൺഗ്രസുകാർ ജി സുധാകരന്റെ സാന്നിധ്യത്തിലാണ്‌ പിടിഎ പ്രസിഡന്റിനെയും പഞ്ചായത്ത്‌ അംഗത്തെയും തല്ലിയത്‌. പാവപ്പെട്ട രണ്ട്‌ അധ്യാപികമാരെ കള്ളക്കേസിൽ കുടുക്കി. അവർക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പ്‌ ഇട്ട്‌ കേസ്‌ എടുത്തിരിക്കുന്നു. സുധാകരൻ പഞ്ചായത്ത്‌ സെക്രട്ടറിയെ വിളിച്ചപ്പോഴാണ്‌ സിപിഐ എം പ്രവർത്തകർ സ്‌കൂളിൽ എത്തിയത്‌. അപ്പോഴാണ്‌ മോശമായി പെരുമാറിയത്‌. ഇങ്ങനെ തർക്കമുണ്ടാക്കലല്ല എംഎൽഎയുടെ പണി. സിപിഐ എം പ്രവർത്തകരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത്‌ അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നത്‌ ഓർക്കണമെന്ന്‌ ആർ നാസർ പറഞ്ഞു. അന്പലപ്പുഴ ഏരിയാ സെക്രട്ടറി സി ഷാംജി, ജില്ലാ സെക്രട്ടറിയറ്റംഗം എച്ച്‌ സലാം, ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home