രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ്
പദ്ധതിസ്ഥലത്തിന്റെ രേഖകൾ കൈമാറി

മാവേലിക്കര
രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിനായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ച ഭൂമിയുടെ രേഖകൾ റവന്യൂവകുപ്പ് സെന്ററിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറി. മാവേലിക്കര കിഴക്കുതെക്കായുള്ള പമ്പ ജലസേചനപദ്ധതിയുടെ (പിഐപി) 66 സെന്റ് ഭൂമിയുടെ രേഖകളാണ് കൈമാറിയത്. മാവേലിക്കര തഹസിൽദാർ ടി എസ് ഗീതാകുമാരി, എം എസ് അരുൺകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ സെന്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി കെ രാജശ്രീക്ക് രേഖകൾ കൈമാറി. ഡെപ്യൂട്ടി തഹസിൽദാർമാരായ കെ സുരേഷ്‌ബാബു, ബിനു ഗോപാലകൃഷ്‌ണൻ, ജീവനക്കാരായ അനുജ, രമ്യ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു.എം എസ് അരുൺകുമാർ എംഎൽഎയുടെ നിരന്തര ഇടപെടലിലാണ് അടിയന്തര പ്രാധാന്യത്തോടെ വിഷ്വൽ ആർട്സ് സെന്ററിന് ഭൂമി ലഭ്യമായത്. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് മാവേലിക്കരയില്‍ രാജാരവിവര്‍മയുടെ പേരില്‍ കലാകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. വിഷ്വൽ ആർട്സിൽ ബിരുദാനന്തര ബിരുദം നൽകുന്ന കേരളത്തിലെ ഏക പഠനകേന്ദ്രമാണിത്. നിലവില്‍ ഇവിടെ മാസ്‌റ്റർ ഓഫ് വിഷ്വൽ ആർട്സ് (പെയിന്റിങ്), മാസ്‌റ്റർ ഓഫ് വിഷ്വൽ ആർട്സ് (ആർട് ഹിസ്‌റ്ററി) എന്നീ കോഴ്സുകളാണുള്ളത്. എംവിഎ ഇന്‍ മ്യൂസിയോളജി എന്ന കോഴ്‌സ് അനുവദിച്ചിരുന്നെങ്കിലും സ്ഥലപരിമിതി തടസ്സമായി. ഭൂമി കൈമാറ്റം നടന്നതോടെ ഇതിനാണ് പരിഹാരമാകുന്നത്. പ്രത്യേക പ്രകാശസംവിധാനങ്ങളുള്ള ക്ലാസ്‌മുറികള്‍, സ്‌റ്റുഡിയോകള്‍, വിവിധ സങ്കേതങ്ങളില്‍ സര്‍ഗാത്മകരചനകള്‍ നടത്താനാവശ്യമായ സംവിധാനങ്ങള്‍, സെമിനാര്‍ഹാളുകള്‍, ലൈബ്രറി, വിഷ്വല്‍ ആര്‍ക്കൈവ്‌സ്, പ്രദര്‍ശനശാലകള്‍, മൂശകള്‍ എന്നിവ പ്രവര്‍ത്തിക്കാനുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയാകും തയ്യാറാകുക. അന്തര്‍ദേശീയ ശ്രദ്ധനേടുന്ന സ്ഥാപനമായി ഈ കലാകേന്ദ്രത്തെ വളര്‍ത്തുമെന്നും കലയുടെ ലോകഭൂപടത്തില്‍ മാവേലിക്കര സ്ഥാനംനേടുമെന്നും എം എസ് അരുണ്‍കുമാര്‍ എംഎല്‍എ പറഞ്ഞു.









0 comments