സ്‌കൂൾ ഗ്രൗണ്ടിൽ കുളംകുഴിച്ചെന്ന പ്രചാരണം പൊളിച്ച് ചിത്രങ്ങൾ

മഴ കുറഞ്ഞപ്പോൾ വെള്ളക്കെട്ട് മാറിയ സ്‌കൂൾ മെെതാനം
അമ്പലപ്പുഴ
മണൽ മോഷ്‌ടിച്ച് കടത്തി നീർക്കുന്നം എസ്‌ഡിവി ഗവ. യുപി സ്‌കൂൾ മൈതാനം കുളമാക്കിയെന്ന ജി സുധാകരൻ എംഎൽഎയുടെ ആരോപണം ഉണ്ടായില്ലാ വെടിയെന്ന് വ്യക്തമാകുന്നു. സ്‌കൂളിലെത്തിയ സുധാകരൻ ബോധപൂർവം സംഘർഷത്തിന് ശ്രമിച്ചത് രാഷ്‌ട്രീയ മുതലെടുപ്പിനെന്ന് വ്യക്തമാക്കുന്നതാണ് മഴമാറിയപ്പോൾ വെള്ളക്കെട്ട് നീങ്ങിയ മെെതാനത്തിന്റെ ചിത്രങ്ങൾ.
ക്ലാസ് മുറികളോട് ചേർന്ന സ്റ്റേജും മേൽക്കൂര മാത്രമായ പന്തലുമാണ് പുതിയ കെട്ടിടനിർമാണത്തിനായി പൊളിച്ചുമാറ്റിയത്. പന്തലിന്റെ ആറിഞ്ച് മാത്രം ഉയരമായ തറയിൽ പാകിയ ടൈൽ പൊളിച്ച് നീക്കിയതിനെയാണ്, അടിത്തറപൊളിച്ച് കുളംകുഴിച്ചുവെന്നും മണൽകടത്തിയെന്നും പച്ചനുണ സുധാകരനും ഒപ്പമുണ്ടായിരുന്ന വിവരാവകാശ പ്രവർത്തകനായ കോൺഗ്രസുകാരനും പ്രചരിപ്പിച്ചത്.
ദേശീയപാതയുടെ പാർശ്വഭിത്തി ഉയർത്തിയതിനാൽ സ്‌കൂൾ വളപ്പിലെ മഴവെള്ളം പുറത്തേക്കൊഴുകാൻ മാർഗമില്ലാതെ വന്നതാണ് ഗ്രൗണ്ടിൽ വെള്ളക്കെട്ടുണ്ടായത്. ആർക്കും മനസിലാകുന്ന ഇക്കാര്യത്തിലാണ് സ്കൂൾ പിടിഎക്കും അധ്യാപകർക്കും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾക്കുമെതിരെ സുധാകരന്റെ അഴിമതിയാരോപണം.
ആരോപണങ്ങൾക്ക് പ്രധാനാധ്യാപികയും പിടിഎ പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റുമടക്കം കൃത്യമായ മറുപടി നൽകിയതാണ് സുധാകരനെ ചൊടുപ്പിച്ചത്. പിടിഎ ഫണ്ടിൽ രണ്ടുലക്ഷം രൂപ തിരിമറി നടത്തിയെന്നും തന്റെ അനുവാദമില്ലാതെ എന്തിന് കെട്ടിടം പൊളിച്ചു എന്നുമായി അടുത്തവാദം. പിടിഎ കൃത്യമായ കണക്ക് സൂക്ഷിച്ചിട്ടുണ്ടന്നും, കഴിഞ്ഞ സർക്കാർ 3.9 കോടി രൂപ കിഫ്ബിയിൽ അനുവദിച്ച പുതിയ കെട്ടിട നിർമാണത്തിനാണ് പന്തൽ പൊളിച്ചതെന്നും ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി നേടിയെന്നും ജനപ്രതിനിധി എസ് ഹാരിസ് ഉൾപ്പടെ മറുപടി നൽകി.
ഇതോടെ നിലവിട്ട സുധാകരന്റെ സാന്നിധ്യത്തിൽ വിവരാവകാശ പ്രവർത്തകൻ പിടിഎ പ്രസിഡന്റിനെയും പഞ്ചായത്തംഗം ജീതു പ്രവീണിനേയും അക്രമിക്കുകയായിരുന്നു.








0 comments