Deshabhimani

റോഡ് നിർമാണത്തിലെ അനാസ്ഥ: നാട്ടുകാർ ദുരിതത്തിൽ ​

മെറ്റലിളകിയ പല്ലന – കലവറ ജെട്ടി റോഡ്

മെറ്റലിളകിയ പല്ലന – കലവറ ജെട്ടി റോഡ്

വെബ് ഡെസ്ക്

Published on Sep 24, 2026, 12:19 AM | 1 min read

ഹരിപ്പാട്
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന -– കലവറ ജെട്ടി റോഡ് ടാറിങ്ങിനായി ഇളക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി നടക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ​സ്‌കൂൾ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ സ്ഥിരം ആശ്രയിക്കുന്ന റോഡിൽ ഇളകിക്കിടക്കുന്ന മെറ്റലുകളിൽ തട്ടി നിരവധി പേരാണ്‌ വീഴുന്നത്‌. പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു പ്രയോജനവുമില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. മഴക്കാലമായാൽ കൂടുതൽ മോശമാകും. മാർച്ചിലാണ് പുനർ നിർമാണത്തിന്‌ റോഡ് പൊളിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിക്കാണ്‌ ചുമതല. പശ്ചിമേഷ്യയിലുണ്ടായ യുദ്ധത്തെത്തുടർന്ന് ടാറിനുണ്ടായ വിലവർധനയാണ്‌ പണി വൈകാൻ കാരണമെന്നാണ് കരാറുകാർ പറയുന്നത്. ടാറിനുണ്ടായ വിലവർധനയ്‌ക്ക്‌ ആനുപാതികമായ തുക അനുവദിക്കാനുള്ള നടപടി തദ്ദേശഭരണവകുപ്പ് സ്വീകരിക്കാത്തതും നിർമാണം വൈകുന്നതിന് കാരണമായിട്ടുണ്ട്. ​
അടിയന്തര പരിഹാരം വേണം
ആറുമാസത്തിലധികമായുള്ള യാത്രാപ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന്‌ പല്ലന മാതാ പുരുഷ സഹായ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ജി ബാബുരാജ് ഉദ്ഘാടനംചെയ്‌തു. സംഘം പ്രസിഡന്റ്‌ ഡി വേണു അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home