പരാതിയിൽ പൊലീസ് കേസെടുത്തു
ഹരിതകർമസേനാംഗങ്ങളെ ആക്ഷേപിച്ച് എൻഡിഎ സ്ഥാനാർഥി

ഫ്രാൻസിസ് ആന്റണി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാൻസി ലക്സിൻ
അമ്പലപ്പുഴ
ജോലിക്കിടെ ഹരിതകർമസേനാംഗങ്ങളെ എൻഡിഎ സ്ഥാനാർഥി അസഭ്യം പറയുകയും ആക്ഷേപിക്കുകയുംചെയ്‌തെന്ന് പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 19–-ാം വാർഡ് ബിജെപി സ്ഥാനാർഥി ഫ്രാൻസിസ് ആന്റണിക്കെതിരെയാണ് വാർഡിലെ ഹരിതകർമസേന പ്രവർത്തകരായ അറയ്‌ക്കൽ ജാൻസി ലക്‌സിൻ, കൊല്ലാപറമ്പിൽ സൂസമ്മ എന്നിവർ പുന്നപ്ര പൊലീസിൽ പരാതി നൽകിയത്. ബുധൻ രാവിലെയായിരുന്നു സംഭവം. പുന്നപ്ര വാവക്കാട് പൊഴിക്ക് സമീപത്തെ വീട്ടിൽ മാലിന്യശേഖരണം നടത്തുന്നതിനിടെ സ്കൂട്ടറിലെത്തിയ സ്ഥാനാർഥി ഇവരോട് അസഭ്യം പറയുകയും ആക്ഷേപിക്കുകയുമായിരുന്നു. ഇതിനിടെ കഴുത്തിനു പിടിച്ച് തള്ളാൻ ശ്രമിക്കുന്നതിനിടെ ഭയന്നു വിറച്ച ജാൻസി പിന്നിലേക്ക് മാറി. ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും പല തവണ ഇയാൾ ഇവരോടും സേനയിലെ മറ്റ് പ്രവർത്തകരോടും സമാനരീതിയിൽ പെരുമാറിയെന്ന് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. ജാൻസി ലക്‌സിൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ആന്റണിയുടെ ഭാര്യ ഉഷ ഫ്രാൻസിസിനെതിരെ യുഡിഎഫ് സ്ഥാനാനാർഥിയായി മത്സരിച്ചിരുന്നു. ഭാര്യക്ക് ഭൂരിപക്ഷം കുറഞ്ഞതാണ് ഇവരോടുള്ള വിരോധത്തിന് കാരണം. ജാൻസിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വനിതാ കമീഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്ന് ജാൻസി പറഞ്ഞു.









0 comments