അർബുദത്തെ ജയിച്ചതല്ലേ; ഇനി ഇലക്‌ഷനിലും

എൽഡിഎഫ് മേലാറ്റൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി കൃഷ്ണൻ തെങ്ങിൻതൊടി വോട്ടര്‍മാരെ കാണുന്നു
ഇ ബാലകൃഷ്‌ണൻ
Published on Dec 04, 2025, 12:16 AM | 1 min read
മേലാറ്റൂർ
ഒമ്പതാംക്ലാസിൽ പഠിക്കുമ്പോഴാണ് അർബുദത്തെ തുടർന്ന് എടയാറ്റൂർ സ്വദേശി കൃഷ്ണൻ തെങ്ങിൻതൊടിയുടെ വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നത്. അർബുദത്തോട് പൊരുതി ജയിച്ച വിദ്യാർഥി ക്രച്ചസിൽ ജീവിതം തിരിച്ചുപിടിച്ചു. മുറിക്കുള്ളിൽ ജീവിതം തളച്ചിടാതെ പൊതുപ്രവർത്തനത്തിനിറങ്ങി. അങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ മേലാറ്റൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എം കൃഷ്‌ണനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും പൊരുതി നേടിയ ജീവിതത്തിനുള്ള അംഗീകാരമാണ്. മേലാറ്റൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് കൃഷ്ണന് വലതുകാൽ നഷ്ടമായത്. ഊന്നുവടികളുടെ സഹായത്തോടെ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുനടന്നു. ഒമ്പതാംക്ലാസിൽ വീണ്ടും ചേർന്ന് പഠനം തുടർന്നു. പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു സ്വന്തമാക്കി. മമ്പാട് എംഇഎസ് കോളേജിൽ ബിരുദത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. വീട്ടിൽ ഒതുങ്ങിക്കൂടിയ കൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ ചേർത്തുപിടിച്ചു. പൊതുപ്രവർത്തന രംഗത്തേക്കിറങ്ങി സജീവമായതോടെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി. സിപിഐ എം എടയാറ്റൂർ ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം, പികെഎസ് ലോക്കൽ കമ്മിറ്റി അംഗം, ഭിന്നശേഷി സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവമായി. എടയാറ്റൂർ നവകേരള വായനശാലയിലെ ലൈബ്രേറിയനാണ്. അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയും കൃഷ്‌ണനുണ്ട്. ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്‌നത്തിൽ മത്സരിക്കുന്ന കൃഷ്‌ണന്റെ വിജയത്തിനായി നാടാകെ ഒപ്പമുണ്ട്.









0 comments