വികസനത്തില്‍ തിളങ്ങി മുതുകുളം

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുതുകുളം പഞ്ചായത്തിൽ ആരംഭിച്ച വ്യവസായ കോംപ്ലക-്സ്
ജി അനിൽ
കാർത്തികപ്പള്ളി
കാർഷികം, വ്യവസായം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളുടെ തിളക്കത്തിലാണ് മുതുകുളം ബ്‌ളോക്ക് പഞ്ചായത്ത്. പഞ്ചായത്തുകളെ തരിശുരഹിതമാക്കുന്നതിന് അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ച് കൃഷിവ്യാപനം സാധ്യമാക്കി. ആറാട്ടുപുഴയെ ‘മധുരക്കിഴങ്ങ് ഗ്രാമ’മാക്കാൻ ആറ് ഹെക്ടർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷി വ്യാപിപ്പിച്ചു. ഫാർമർ ഫസ്റ്റ് പദ്ധതിയുടെ ഭാഗമായി ദേവികുളങ്ങര പഞ്ചായത്തിൽ നടപ്പിലാക്കിയ കപ്പലണ്ടിക്കൃഷി പിന്നീട് മറ്റു പഞ്ചായത്തുകളും ഏറ്റെടുത്തു. കായംകുളം കായലിനോട് അതിർത്തി പങ്കിടുന്ന മുതുകുളം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകൾ പലതും താഴ്ന്ന പ്രദേശങ്ങളായതിനാൽ കായലിലെ ഉപ്പുവെള്ളം കയറുന്നതിനാൽ കൃഷിയിടങ്ങളും കുടിവെള്ള ഉറവിടങ്ങളും മലിനമാകുന്നു. ഇതിന് പരിഹാരമായി ഓരുവെള്ള പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരാഗമിക്കുന്നു. 42,97,500 രൂപയാണ് ചെലവ്. അഞ്ചു പശുക്കളിൽ കൂടുതൽ വളർത്തുന്ന ക്ഷീരകർഷകർക്ക് ഫാം ആധുനികവൽക്കരണത്തിന് 50 ശതമാനം തുക ധനസഹായം അനുവദിച്ചു. വനിതകൾക്ക് ഇരുചക്ര വാഹനവും കറവ യന്ത്രവും വാങ്ങി മൊബൈൽ മിൽക്ക് യൂണിറ്റ് തുടങ്ങുന്നതിന് ഒരു ലക്ഷം ധനസഹായമായി നൽകി. പട്ടികജാതി ഗുണഭോക്താക്കൾക്ക് 45,000 രൂപ സബ്സിഡി നിരക്കിൽ കറവമാട് വാങ്ങി നല്‍കുന്ന പദ്ധതി നടപ്പിലാക്കി. ചേപ്പാട് പഞ്ചായത്തിനെ തീറ്റപ്പുൽ കൃഷിയുടെ വിത്തുഗ്രാമമായി തെരഞ്ഞെടുത്തു. മുതുകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് കായകൽപ്പ് അവാർഡ് 2023–-24, 2024-–25 വർഷങ്ങളിൽ തുടർച്ചയായി ലഭിച്ചു. തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് എണ്ണം നിയന്ത്രിക്കാനുള്ള എബിസി പദ്ധതി നടപ്പാക്കി. സ്വകാര്യ വ്യവസായ യൂണിറ്റുകൾക്കായി വ്യവസായ കോംപ്ലക്സ് സ്ഥാപിച്ചു. ഇവിടെ അഞ്ച് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി 42 ലക്ഷം രൂപയും പഠനമുറിക്കായി 17,50,000 രൂപയും അനുവദിച്ചു. തീരപ്രദേശത്ത് കണ്ടൽ ചെടികൾ നടാനുള്ള പദ്ധതിയിൽ " തീരം കാക്കാൻ കണ്ടൽ, കണ്ടൽ കാക്കാൻ നമ്മൾ" എന്ന പദ്ധതി നടപ്പാക്കാൻ രണ്ടുലക്ഷം രൂപ അനുവദിച്ചു.









0 comments