ബലിതര്‍പ്പണ ഒരുക്കങ്ങൾ എംഎൽഎ വിലയിരുത്തി

എം എസ് അരുൺകുമാർ എംഎൽഎ കണ്ടിയൂർ ആറാട്ടുകടവിൽ സന്ദർശനം നടത്തുന്നു
മാവേലിക്കര
അച്ചൻകോവിൽ ആറിന്റെ തീരത്ത് ആറാട്ടുകടവിൽ നടക്കുന്ന കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താൻ എം എസ് അരുൺകുമാർ എംഎൽഎ കടവ് സന്ദർശിച്ചു. ക്രമീകരണങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. കടവില്‍ ആഴമുള്ള ഭാഗത്ത് നിരത്താൻ മണല്‍ നിറച്ച ചാക്കുകള്‍ എത്തിച്ചിട്ടുണ്ട്. കടവില്‍ അപകടം ഒഴിവാക്കാൻ തൂണുകള്‍ നാട്ടി ഇരുമ്പുവല കെട്ടി അതിര്‍ത്തി തിരിക്കുന്നുണ്ട്. ആറ്റിൽ ജലനിരപ്പ് ഉയര്‍ന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾ ദേവസ്വം ബോർഡ് കർശനമാക്കിയിട്ടുണ്ട്. കണ്ടിയൂര്‍ തെക്കേനട വഴി മാത്രമേ വാഹനങ്ങള്‍ക്ക് ആറാട്ടുകടവിലേക്ക് പോകാനാകൂ. നടുവിലെ ആൽത്തറയിൽനിന്ന് വടക്കോട്ട് വാഹനങ്ങൾ കടത്തിവിടില്ല. കണ്ടിയൂരിൽ മഹാദേവർ ക്ഷേത്രത്തിന് മുന്നിലും ഗവ. യുപി സ്‌കൂൾ വളപ്പിലും വാഹനങ്ങൾക്ക് പാർക്കിങ് ക്രമീകരണമുണ്ട്. ബൈപാസ് വഴി തിരികെ പോകാം. ചടങ്ങിന്റെ സമയത്ത് നഗരസഭാ സ്‌റ്റാൻഡ് വഴി ബൈപാസിലൂടെയുള്ള യാത്ര നിരോധിച്ചു. നഗരസഭ, ആരോഗ്യവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവയുടെ സേവനമുണ്ടാകും. പതിവിലും കൂടുതൽ ബലിത്തറകളും കാർമികരും ഉണ്ടാകും. സ്‌ത്രീകള്‍ക്ക് വസ്‌ത്രം മാറാൻ പ്രത്യേക സൗകര്യമൊരുക്കി. മഹാദേവക്ഷേത്രത്തിന് പുറമേ കടവിന് സമീപമുള്ള കീർത്തിപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും പിതൃപൂജയ്‌ക്കും തിലഹവനത്തിനും പ്രത്യേകം കൗണ്ടറുകൾ ഉണ്ട്. പ്രായിക്കര ധന്വന്തരി, കുന്നം കരിമ്പിൻകാവ്, മറ്റം നരസിംഹസ്വാമി, വഴുവാടി കിരാതന്‍കാവ് എന്നീ ക്ഷേത്രങ്ങളിലും വലിയ പെരുമ്പുഴ പള്ളിയോട കടവിലും ചടങ്ങുകൾക്ക് സൗകര്യമുണ്ട്.









0 comments