print edition കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പകരില്ല

പ്രതീകാത്മക ചിത്രം
തൃശൂർ: കുന്നംകുളത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിൽ പന്നിപ്പനി (ആഫ്രിക്കൻ സ്വൈൻ ഫീവർ) സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പന്നികൾക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്.
ഈ രോഗം പന്നികളിൽ മാത്രം കണ്ടുവരുന്നതാണെന്നും മനുഷ്യരിലേക്കോ മറ്റ് വളർത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു. രോഗബാധ മറ്റ് ഫാമുകളിലേക്ക് പടരുന്നത് തടയാൻ കർശന മുൻകരുതൽ സ്വീകരിച്ചുവെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. രോഗം കണ്ടെത്തിയ ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാ പിച്ചു.
ഈ പ്രദേശങ്ങളിൽനിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ട് പോകുന്നതും നിയന്ത്രിക്കാൻ കലക്ടർ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി. രോഗ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു.









0 comments