print edition ബിജെപി കോർ കമ്മിറ്റിയിൽ പുകഞ്ഞ് ഫണ്ട് വിവാദം; തട്ടിപ്പിന് നേതൃത്വം നൽകിയവരെ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ചേർന്ന ബിജെപി കോർ കമ്മിറ്റിയിലും ചർച്ചയായി തെരഞ്ഞെടുപ്പ് ഫണ്ടുതട്ടിപ്പ് വിവാദം. സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുനടന്ന തട്ടിപ്പിൽനിന്ന് ഒഴിഞ്ഞുമാറാൻ നേതൃത്വത്തിന് കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പ്രസിഡന്റിനോടുപറഞ്ഞതായാണ് വിവരം.
കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് മുൻ പ്രസിഡന്റ് വി മുരളീധരൻ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ പക്ഷക്കാർ പ്രചരിപ്പിക്കുന്നുണ്ട്. ജനറൽ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ എന്നിവർക്കെതിരെയായിരുന്നു നേതാക്കളുടെ പരാമർശം. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കൊടി മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയെന്ന പരാതി ഉയർന്നിരുന്നു.
ഇതിനെക്കുറിച്ച് വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായിരുന്ന ആർ ശ്രീലേഖതന്നെ പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളൊന്നും പ്രസിഡന്റ് ചർച്ചയ്‌ക്ക് എടുക്കാത്തതാണ് മറ്റു നേതാക്കളെ പ്രകോപിപ്പിച്ചത്. കെ സുരേന്ദ്രൻ, എം ടി രമേഷ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽനിന്ന് വിട്ടുനിന്നതും ചർച്ചയായി.









0 comments