നെല്ല് സംഭരണം
കൊയ്-ത്ത് മെതിയന്ത്രങ്ങൾക്ക് പരമാവധി വാടക 2200

ആലപ്പുഴ
ജില്ലയിൽ പുഞ്ചക്കൊയ്‌ത്തിനുള്ള കൊയ്ത്ത് മെതിയന്ത്രങ്ങളുടെ വാടക തീരുമാനിച്ചു. ഒരു ഏക്കർ കൊയ്യുന്നതിന് ഒന്ന് മുതൽ ഒന്നര മണിക്കൂർ എന്ന നിബന്ധനയോടുകൂടി റോഡ്മാർഗം എത്താവുന്ന പാടശേഖരങ്ങൾക്ക് മണിക്കൂറിന് 2100 രൂപയും ചങ്ങാടത്തിൽ കയറ്റിയിറക്കേണ്ടവയക്ക് 2200 രൂപയുമാണ് നിശ്ചയിച്ചത്. മുന്നൊരുക്കയോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് ഓൺലൈനായി അധ്യക്ഷനായി. കൊയ്ത്തും സംഭരണവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്‌ധർ ഉൾപ്പെടുന്ന ജില്ലാ, ബ്ലോക്ക്‌തല റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. ആലപ്പുഴയിൽ മൂന്ന് പാഡി മാർക്കറ്റിങ് ഓഫീസർമാരെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിൽ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു. എല്ലാ കൃഷിഭവനുകളിലും പാടശേഖരങ്ങളുടെ യോഗം ചേർന്ന് കൊയ്ത്തിന്റെ ഷെഡ്യൂൾ തയ്യാറാക്കും. പാടശേഖര സമിതി ഭാരവാഹികൾ മെഷിൻ ഏജന്റുമാരുമായി എഗ്രിമെന്റിൽ ഏർപ്പെടും. എല്ലാ യന്ത്രങ്ങളുടെയും കാര്യക്ഷമത കേരള സ്‌റ്റേറ്റ് അഗ്രിക്കൾച്ചർ മെക്കനൈസേഷൻ മിഷൻ, കൃഷി വകുപ്പിന്റെ എൻജിനിയറിങ് വിഭാഗം എന്നിവ ചേർന്ന് ഉറപ്പാക്കും. നെല്ല് സംഭരണത്തിന് ഉപയോഗിക്കുന്ന ത്രാസുകൾ ലീഗൽ മെട്രോളജി വകുപ്പ് മുഖേന അളവ് ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും നെല്ലിന്റെ ഗുണ നിലവാര പരിശോധന കർഷകരുടെ സാനിധ്യത്തിൽ നടത്താൻ പാഡി മാർക്കറ്റിങ് ഓഫീസറെയും ചുമട്ടുകൂലി തർക്കം പരിഹരിക്കാൻ ജില്ലാ ലേബർ ഓഫീസറെയും ചുമതലപ്പെടുത്തി. യോഗത്തിൽ കലക്ടർ അലക്സ് വർഗീസ്, എംഎൽഎമാരായ എച്ച് സലാം, തോമസ് കെ തോമസ് എന്നിവർ സംസാരിച്ചു.










0 comments