കുറിച്ചിക്കൽ പാലംപണി അവസാനഘട്ടത്തിൽ

നിർമാണം പുരോഗമിക്കുന്ന കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലം
സ്വന്തം ലേഖകൻ
ഹരിപ്പാട്
കുട്ടനാടിനെയും അപ്പർ കുട്ടനാടിനെയും ബന്ധിപ്പിച്ച് ലീഡിങ് ചാനലിന് കുറുകെയുള്ള കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. ആദ്യ എൽഡിഎഫ് സർക്കാരിന്റെ സമയത്താണ് സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത്. നബാർഡിന്റെ സഹായത്തോടെ 28.25 കോടി രൂപ ചെലവിലാണ് നിർമാണം. ഒമ്പത് സ്‌പാനുകളിലായി 260 മീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമാണ കാലാവധി രണ്ടു വർഷമായിരുന്നു. കമ്പനി 60ശതമാനത്തോളം പണി നിശ്ചിത കാലയളവിൽ പൂർത്തിയാക്കിയ ശേഷമുണ്ടായ അപാകതകളെ തുടർന്ന് കരാറിൽനിന്ന് ഒഴിവാക്കിയിരുന്നു. അവശേഷിച്ച തുക അപര്യാപ്തമായി നിർമാണം മുടങ്ങുകയും പ്രാദേശിക സിപിഐ എം നേതൃത്വം സർക്കാരിനെ സമീപിക്കുകയുംചെയ്തു. എൽഡിഎഫ് സർക്കാർ 2023-–24 ലെ ബജറ്റിൽ 12 കോടി രൂപ കൂടി പാലത്തിന്റെ പൂർത്തീകരണത്തിനായി നീക്കിവച്ചതോടെ റീടെണ്ടർ നടത്തി. പൊതുമരാമത്ത് വകുപ്പ് കൂടി അധികതുക അനുവദിച്ചാണ് പണി പുനരാരംഭിച്ചത്. കുട്ടനാടിന്റെ കാർഷിക സംസ്കൃതി, വിനോദ സഞ്ചാര സാധ്യതയുടെ വളർച്ച, അപ്പർ കുട്ടനാടിന്റെ ഭാഗമായ കരുവാറ്റ വഴി കുട്ടനാടിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാലം നിർമിക്കുന്നത്. കൈവരിയുടെ പണി പുരോഗമിക്കുന്നു. രണ്ടു മാസത്തിനകം പാലം തുറന്നു നൽകാനാകുമെന്ന് അധികൃതർ അറിയിച്ചു.










0 comments