ഹയര്‍ സെക്കന്‍ഡറി പ്രവേശനോത്സവം

മുളക്കുഴ ഗവ. ഹയർസെക്കന്‍ഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
അവിട്ടം തിരുനാൾ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്-വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം സി വി രാജീവ് ഉദ്ഘാടനംചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് എസ് അംബാലിക അധ്യക്ഷയായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി എസ് പ്രദീപ്കുമാർ നവാഗതർക്കുള്ള സന്ദേശം നൽകി. ഉന്നത വിജയം നേടിയ അന്നാ മരിയ ബിജുവിനെ മാതൃക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജിമോൻ അനുമോദിച്ചു. തലവടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന ചടങ്ങും വിദ്യാർഥികൾക്കുള്ള അനുമോദന സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. തകഴി കുട്ടമംഗലം എസ്എൻസിപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ബി ആർ ബിന്ദു അധ്യക്ഷയായി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ എസ്എൻഡിപി പ്രസിഡന്റ് എ കെ ഗോപിദാസ് അനുമോദിച്ചു. മാനേജർ കെ എ പ്രമോദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന വിനോദ്, പ്രഥമാധ്യാപകൻ രഞ്ജിത് ഗോപി, മീനു ജി നായർ, എ ആർ മണിക്കുട്ടൻ, ഫ്ലാഷ് ബാനർജി, രാജേഷ്, ആദിദേവ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. എടത്വാ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്-വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ.ജോസഫ് കളരിക്കൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പിന്റു ഡി കളരിപ്പറമ്പിൽ അധ്യക്ഷനായി. സൗഹൃദ കോ–ഓർഡിനേറ്റർ ബിൽജാ ജോസ് "മക്കളെ അറിയാൻ" എന്ന പരിപാടിയും കരിയർ ഗൈഡ് മായാ ചെറിയാൻ മാർഗനിർദ്ദേശ ക്ലാസും നയിച്ചു. ചെങ്ങന്നൂർ മുളക്കുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്തംഗം നിതിൻ സി ചെറിയാൻ അധ്യക്ഷനായി. എസ്എംസി ചെയർമാൻ എം എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. പ്ലസ്ടുവിന് മികച്ച വിജയം നേടിയ വിദ്യാർഥികളെ പഞ്ചായത്ത് പ്രസിഡന്റ് സജിത മനുവും സർവകലാശാലയിൽ റാങ്ക് നേടിയവരെ ചെങ്ങന്നൂർ സിഐ രഗീഷ് കുമാറും അനുമോദിച്ചു. പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. വരവേൽപ്പ് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി എൻ സതീഷ് കുമാർ അധ്യക്ഷനായി.











0 comments