തൊഴിൽക്ഷാമവും ഇന്ധനവില വർധനയും
മീൻവില കുത്തനെ ഉയരുന്നു

ആലപ്പുഴ വഴിച്ചേരിയിലെ മീൻ തട്ട്
സ്വന്തം ലേഖകൻ
ആലപ്പുഴ
ട്രോളിങ് നിരോധം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ മീൻവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 40 മുതൽ 50 രൂപവരെയാണ് വിവിധ ഇനങ്ങൾക്കുണ്ടായ വർധന. മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളിക്ഷാമവും ഇന്ധനച്ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി മത്സ്യത്തൊഴിലാളികളും വ്യാപാരികളും വിശദീകരിക്കുന്നത്. മത്തിക്കും അയലയ്‌ക്കുമാണ് വിലയിൽ വലിയവർധന ഉണ്ടായത്. വലിയ മത്തിക്ക് കിലോയ്ക്ക് 280 മുതൽ 300 രൂപവരെയും അയലയ്ക്ക് 340 മുതൽ 380 രൂപവരെയുമായി വിലവർധിച്ചു. കൊഴുവയ്ക്ക് 160 രൂപയും ചെമ്മീനിന് (പൂവാലൻ) 300 രൂപയുമാണ് ഇപ്പോഴത്തെ വിപണിനിരക്ക്. വലുപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും. കാലാവസ്ഥാവ്യതിയാനവും കടലിൽ മത്സ്യലഭ്യത കുറയുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകളെത്തുടർന്ന് കടലിൽപോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതോടെ കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണവും കുറഞ്ഞു. ഡീസൽ വില ഉയർന്നതോടെ പ്രവർത്തനച്ചെലവ് കുത്തനെ വർധിച്ചതും ബോട്ടുടമകൾക്ക് തിരിച്ചടിയായി. ട്രോളിങ് നിരോധം ജൂണിൽ പ്രാബല്യത്തിൽ വരുന്നതോടെ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.










0 comments