രണ്ടാംകൃഷിക്ക് പണമില്ലാതെ കർഷകർ നെൽവില കുടിശ്ലിക 299.5 കോടി

ആലപ്പുഴ മങ്കൊമ്പ് മേച്ചേരി വാക്ക പാടത്ത് പുഞ്ചകൃഷി വിതയ്‌ക്ക് മുമ്പായി ചാല് മുറിച്ച് പാടമൊരുക്കുന്ന കർഷകൻ മാത്യു ഔസേപ്പ് (ഫയൽ ചിത്രം)
ഗോകുൽ ഗോപി
ആലപ്പുഴ
നെല്ല് സംഭരിച്ച വകയിൽ കോടിക്കണക്കിന് രൂപ കർഷകർക്ക് കിട്ടാനുണ്ടെന്നിരിക്കെ, കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കാൻ കർഷകർ മടിക്കുന്നു. ചില കർഷകർ പാടങ്ങളിൽ വെള്ളംകയറ്റി കള നശിപ്പിക്കുന്നതടക്കം പ്രാരംഭപ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ടെങ്കിലും പലരും ആശങ്കയിലാണ്. വിത്തും വളവും കൂലിച്ചെലവും ഉൾപ്പെടെ രണ്ടാംകൃഷി ഭാരിച്ച സാമ്പത്തികബാധ്യത വരുത്തിവയ്‌ക്കുമെന്നിരിക്കെ, പുഞ്ചകൃഷിയുടെ നെൽവില ലഭിക്കാതെ എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് കർഷകർ. പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ മാത്രം കർഷകർക്ക് 299.5 കോടി രൂപ ലഭിക്കാനുണ്ട്. ജില്ലയിൽ 25,562 കർഷകരിൽനിന്ന് 105,319.45 മെട്രിക് ടൺ നെല്ലാണ് സർക്കാർ സംഭരിച്ചത്. 317.22 കോടിയാണ് കർഷകർക്ക് ലഭിക്കേണ്ടത്. ഇതിൽ 1880 കർഷകർക്ക് 17.72 കോടി രൂപ പിആർഎസ് മുഖാന്തരം കൈമാറി. കാനറ ബങ്കിലൂടെ 5.96 കോടിയും എസ്‌ബിഐയിലൂടെ 11.28 കോടിയും സപ്ലൈകോ നേരിട്ട് 50 ലക്ഷവുമാണ് നൽകിയത്. ബാങ്കുകളുമായുണ്ടാക്കിയ കരാർ കൃത്യസമയത്ത് പുതുക്കാത്താതാണ് കുടിശ്ശികയ്‌ക്ക് കാരണം. കാനറ ബങ്കിന്റേത് കഴിഞ്ഞമാസവും എസ്‌ബിഐയുടേത് 30നും അവസാനിച്ചു. മുൻവർഷങ്ങളിൽ മുഖ്യമന്ത്രിയും ധനകാര്യ–കൃഷി മന്ത്രിമാരും നേരിട്ടാണ് ബാങ്കുകളുമായി ചർച്ച നടത്തിയിരുന്നത്. യുഡിഎഫ-് സർക്കാർ നാളിതുവരെ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലയെന്നതും കർഷകരെ ആശങ്കയിലാക്കി. അഞ്ചിലൊരാൾ കൃഷി നിർത്തി വേനൽമഴ കുട്ടനാട്ടിലെ ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായാൽ പാടശേഖരങ്ങളുടെ ബണ്ടുകൾ തകരുമെന്ന ഭീതിയും കർഷകർക്കുണ്ട്. ഗുണനിലവാരമുള്ള വിത്തിന്റെ ക്ഷാമം, വളംകീടനാശിനികളുടെ വിലവർധന എന്നിവ കൃഷി ലാഭകരമല്ലാതാക്കുന്നു. പ്രതികൂല സാഹചര്യങ്ങളാൽ കുട്ടനാട്ടിൽ നെൽകൃഷി ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ്. മുന്പ് കാൽലക്ഷത്തോളം കർഷകർ രണ്ടാംകൃഷിചെയ്‌ത സ്ഥാനത്ത് ഇന്ന് കഷ്‌ടിച്ച് 5000ത്തിൽ താഴെ മാത്രം. നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്‌ക്ക് പുറമേ കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശവും നെൽകൃഷിയിൽനിന്ന് കർഷകരെ അകറ്റി. വേനൽക്കാലത്ത് കയറിയ ഓരുവെള്ളം മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ലവണാംശം കുറയാൻ സഹായിച്ചിട്ടുണ്ട്. ഇത് നെൽകൃഷിക്ക് അനുകൂലമായ സാഹചര്യമാണെങ്കിലും പണമില്ലാത്തത് വലിയ തടസ്സമാണ്. ചമ്പക്കുളം, നെടുമുടി, കൈനകരി, തകഴി, പുറക്കാട്, കരുമാടി കൃഷിഭവൻ പരിധികളിലെ കർഷകർക്ക് ജൂണോടെ വിത തുടങ്ങണം. സംഭരണവില ഉടൻ വിതരണംചെയ്‌ത് സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടനാട്ടിലെ നെൽകൃഷി മേഖല പൂർണമായും തകർച്ചയിലേക്ക് നീങ്ങുമെന്നാണ് കർഷകസംഘടനകളുടെ മുന്നറിയിപ്പ്.










0 comments