എരുമേലി പേട്ടതുള്ളൽ: അമ്പലപ്പുഴ സംഘം പുറപ്പെട്ടു

അമ്പലപ്പുഴ സംഘം പേട്ടതുള്ളലിനായി പുറപ്പെടുന്നു.
അമ്പലപ്പുഴ
അമ്പലപ്പുഴ സംഘം എരുമേലി പേട്ടതുളളലിനായി പുറപ്പെട്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രഭാത ശീവേലിക്കു ശേഷം പേട്ടതുള്ളലിന് എഴുന്നള്ളിക്കുന്ന തങ്കത്തിടമ്പ് മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി പൂജിച്ച് സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി. ഇതോടെ പത്ത്നാൾ നീളുന്ന തീർഥാടനത്തിനും തുടക്കമായി. വെള്ളിയാഴ്ച മണിമലക്കാവിൽ ആഴി പൂജ, ഞായർ എരുമേലി പേട്ടതുള്ളൽ, ചൊവ്വാഴ്ച പമ്പ സദ്യ, മകര വിളക്ക് ദിവസം സന്നിധാനത്ത് നെയ്യഭിഷേകം, മഹാനിവേദ്യം, കർപ്പൂരാഴി പൂജ, മകരവിളക്കിന്റെ പിറ്റേന്ന് മണിമണ്ഡപത്തിൽ നിന്നും സന്നിധാനത്തേക്ക് ശീവേലി എഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾ പൂർത്തിയാക്കി 15 ന് രാത്രി സംഘം മലയിറങ്ങും. 40 മാളികപ്പുറങ്ങളുൾപ്പടെ 250 പേരാണ് പേട്ടതുള്ളൽ സംലത്തിലുള്ളത്. അമ്പലപ്പുഴ സംഘം ഇരുമുടിക്കെട്ടിൽ എത്തിക്കുന്ന നെയ്‌തേങ്ങയിലെ നെയ്യ് മകരവിളക്കു ദിവസം രാവിലെ അഭിഷേകം ചെയ്യും. ഇരുമുടിക്കെട്ടിലെ കാരഎള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം മുന്തിരി, എന്നിവയിൽ തയ്യാറാക്കുന്ന എള്ള് പായസം അത്താഴപ്പൂജക്ക് നിവേദിക്കും. വിവിധ ക്ഷേത്രങ്ങളിലും സംഘടനാ ആസ്ഥാനങ്ങളിലുമായി സ്വീകരണങ്ങൾ ഏറ്റുവാങ്ങും. ഒന്നാം ദിവസം മല്ലശ്ശേരി ക്ഷേത്രത്തിൽ ഉച്ച ഭക്ഷണവും തകഴി ക്ഷേത്രത്തിൽ വിശ്രമിക്കും, രണ്ടാം ദിനം ആനപ്രമ്പാൽ ക്ഷേത്രത്തിലാണ് ഉച്ച ഭക്ഷണം. കവിയൂർ ക്ഷേത്രത്തിൽ വിശ്രമത്തിന് ശേഷം മൂന്നാം ദിനം മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിലെത്തി ഉച്ച ഭക്ഷണത്തിന് ശേഷം രാത്രിയിൽ മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തും. ആഴിപൂജക്കു ശേഷം ശനിയാഴ്ച എരുമേലിയിലെത്തും. പേട്ടതുള്ളലിന് ശേഷം കാനനപാത വഴി പമ്പയിലെത്തി സദ്യക്ക് ശേഷം മലകയറും. മരക്കൂട്ടത്തിൽ എത്തുന്ന സംഘത്തെ പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ച് ദർശനസൗകര്യവും, വിരിവയ്‌ക്കുന്നതിനും ഭക്ഷണത്തിനും സൗകര്യമൊരുക്കും. സംഘം ഭാരവാഹികളായ ആർ ഗോപകുമാർ, കെ ചന്ദ്രകുമാർ, ജി ബിജു, ജിതിൻ രാജ്, വിജയ് മോഹൻ, രഥയാത്രാ ചെയർമാൻ പി വേണുഗോപാൽ എന്നിവർ യാത്രയിലുടനീളമുണ്ടാകും.










0 comments