ചേലേറ്റാൻ ചേർത്തല

ചേർത്തല നഗരസഭ 35–ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി എൻ ആർ ബാബുരാജ് വോട്ടർമാരെ കാണുന്നു
ടി പി സുന്ദരേശൻ
ചേർത്തല
ആക്ഷേപങ്ങളില്ലാതെ സുതാര്യമായി ചേർത്തല നഗരത്തിന് സർവതലസ്‌പർശിയായ വികസന–ക്ഷേമ പ്രവർത്തനങ്ങളുടെ പുതുവസന്തം സമ്മാനിച്ച എൽഡിഎഫിന് ലഭിക്കുന്നത് സമാനതകളില്ലാത്ത പൊതുസ്വീകാര്യത. മികവുറ്റ സ്ഥാനാർഥിനിരയാലും ചിട്ടയായ പ്രവർത്തനത്താലും മുന്നണിക്ക് പിന്തുണയേറുന്നു. നിരായുധരായി പോർക്കളത്തിൽ കിതയ്‌ക്കുകയാണ് യുഡിഎഫ്. അഞ്ച് വർഷം എൽഡിഎഫ് നേതൃത്വത്തിലെ ഭരണം നഗരത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് സർവരും സമ്മതിക്കുന്നു. മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ നിശ്‌ചയദാർഢ്യത്തോടെ നടപ്പാക്കിയ ജനകീയദൗത്യം എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു. എ എസ് കനാൽ വീണ്ടെടുക്കാൻ ആരംഭിച്ച ജനകീയ പദ്ധതിയും സർവസമ്മതി നേടുന്നതായി. താലൂക്ക് ആശുപത്രിയുടെ വികസനക്കുതിപ്പിന് നടപ്പാക്കിയതും എത്തിച്ചതുമായ കോടികളുടെ പദ്ധതിയും നാല് നഗരാരോഗ്യകേന്ദ്രം, ഉപകേന്ദ്രങ്ങൾ എന്നിവ തുറന്നതും ജനങ്ങളാകെ അനുഭവിച്ചറിഞ്ഞ നേട്ടമായി. വിദ്യാലയങ്ങളുടെ മികവേറ്റിയതും നൂറുകണക്കിന് ഭവനരഹിതർക്ക് വീട് നൽകിയതും ഉൾപ്പെടെ എണ്ണിപ്പറഞ്ഞാണ് മുന്നണി വിജയക്കുതിപ്പിലായത്. സർക്കാർ നടപ്പാക്കിയ വികസന–ക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളിലെ യുഡിഎഫ് ഭരണത്തിൽ നഗരസഭയിലുണ്ടായ അധികാരവടംവലിയും അതുണ്ടാക്കിയ അസ്ഥിരത, ഭരണസ്‌തംഭനം, കെടുകാര്യസ്ഥത എന്നിവയും അവരെ വേട്ടയാടുന്നു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നിലവിലെ കൗൺസിലറുമായ ബാബു മുള്ളൻചിറ പാർടിവിട്ട് എൽഡിഎഫ് സ്വതന്ത്രനായതും കടുത്ത തിരിച്ചടിയായി. വർധിത ഭൂരിപക്ഷത്തിൽ വിജയംകൊയ്യാമെന്നാണ് എൽഡിഎഫ് ആത്മവിശ്വാസം.









0 comments