print edition വയനാട്ടിൽ കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് ; വോട്ട് അഭ്യർഥിച്ച് പി ജെ ജോസഫ്

കൽപ്പറ്റ
വയനാട്ടിൽ കോൺഗ്രസ് തട്ടിയെടുത്ത സീറ്റിൽനിന്ന് പിന്മാറാതെ, ശക്തമായ മത്സരവുമായി യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിലാണ് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മുന്നണിയിലെതന്നെ കേരള കോൺഗ്രസിന്റെ മത്സരം. യുഡിഎഫ് ജില്ലാ ചെയർമാനും കൺവീനറും കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയെ തള്ളിയിട്ടും വോട്ട് അഭ്യർഥിച്ച് പാർടി ചെയർമാൻ പി ജെ ജോസഫ് വ്യാഴാഴ്ച വീഡിയോ സന്ദേശം പുറത്തിറക്കി.
പാർടി ചിഹ്നമായ ഓട്ടോറിക്ഷയാണ് സ്ഥാനാർഥിയുടെ അടയാളം. മീനങ്ങാടിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാർടി ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര ഉദ്‌ഘാടനംചെയ്‌തു. സ്ഥാനാർഥി ലിന്റോ കെ കുര്യാക്കോസ് സ്‌ക്വാഡ് പ്രവർത്തനവും പ്രചാരണവും സജീവമാക്കി. ബോർഡുകളും പോസ്‌റ്ററുകളും നിരന്നു.
യുഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസിന് ലഭിച്ച സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയപ്പോഴാണ് സീറ്റ് കോൺഗ്രസ് കൈക്കലാക്കിയത്. കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിനാണ് ഘടകകക്ഷിയുടെ സീറ്റ് തട്ടിയെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ഒൗദ്യോഗിക സ്ഥാനാർഥി ഗോകുലാണെന്ന് പിന്നീട് പത്രക്കുറിപ്പും ഇറക്കി. യുഡിഎഫിന്റെ ഒദ്യോഗിക സ്ഥാനാർഥിക്കെതിരെ പി ജെ ജോസഫ് പ്രചാരണവുമായെത്തിയത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.








0 comments