കാത്തിരിക്കുന്നു, ഗ്രീൻഫീൽഡിൽനിന്ന് പറന്നുയരാൻ

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ്
കോട്ടയം ജില്ലയിൽനിന്ന് വിമാനം പറന്നുയരുന്നത് കാണണ്ടേ? എരുമേലിയിൽ ഒരുങ്ങുകയാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം. സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്നുണ്ട്. മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ സർവേ നടത്തി. ശക്തമായ മഴയും കാറ്റും അവഗണിച്ചായിരുന്നു സർവേ. എത്ര സർവേ നമ്പരിലുള്ള ഭൂമികൾ ഏറ്റെടുക്കുന്നു, അവ ആരുടെയൊക്കെ, അവിടെയുള്ള മരങ്ങൾ, കെട്ടിടങ്ങൾ എത്ര തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ഇനി ഭൂമി വിട്ടുതരുന്നവർക്കുള്ള നഷ്ടപരിഹാര പാക്കേജ് തീരുമാനിക്കും. കേന്ദ്ര ഏവിയേഷൻ വകുപ്പിന്റെ അനുമതികൂടി ലഭിച്ചാൽ നിർമാണം ആരംഭിക്കാം. ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി പ്രദേശത്തുള്ളവർക്ക് പദ്ധതിയോട് അനുകൂല മനോഭാവമാണുള്ളതെന്ന് സാമൂഹികാഘാത പഠനറിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
പുനരധിവസിപ്പിക്കുക 326 കുടുംബങ്ങളെ
കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 1039.876 ഹെക്ടർ(2,570 ഏക്കർ) ഭൂമിയാണ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. പദ്ധതിക്ക് മൊത്തം 3,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. വിമാനത്താവളം നിർമിക്കുമ്പോൾ 326 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. പദ്ധതി പ്രദേശത്തെ കുടുംബങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാനുള്ള ഹിയറിങ് നടന്നുകഴിഞ്ഞു. രണ്ട് സ്‌കൂളുകളടക്കം നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരും. മുറിച്ചു മാറ്റേണ്ടിവരുന്ന മരങ്ങളിൽ 17,736 റബറും 5,155 കാപ്പിയും 2,392 തേക്കും 1,943 ആഞ്ഞിലിയുമുണ്ട്. റേഷൻ കാർഡില്ലാത്ത ഏഴ് കുടുംബങ്ങളുണ്ട്. 244 കുടുംബങ്ങൾക്ക് പിങ്ക് കാർഡും 131 കുടുംബങ്ങൾക്ക് വെള്ള കാർഡും 79 കുടുംബങ്ങൾക്ക് നീല കാർഡുമാണുള്ളത്. പ്രദേശത്ത് താമസമുള്ളത് 1,965 പേരാണ്. ഇതിൽ 189 പേർ 10 വയസിന് താഴെയുള്ള കുട്ടികളാണ്. 60 വയസിന് മുകളിലുള്ള 324 പേരുണ്ട്. ബിരുദാനന്തര ബിരുദം നേടിയ 112 പേരും ബിരുദധാരികളായ 437 പേരുമുണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വളർച്ചയ്‌ക്ക് ഗതിവേഗം കൂട്ടും. ടൂറിസം, ഗതാഗതം തുടങ്ങിയ മേഖലകൾക്ക് വലിയ ഉണർവുണ്ടാക്കും.--








0 comments