ചെലവ് 63.59 കോടി
വരുന്നു, കാവാലം തട്ടാശേരി പാലം

കാവാലം തട്ടാശേരി പാലത്തിന്റെ സ്‌പാനുകളുടെ നിര്‍മാണ ഒരുക്കം
സ്വന്തംലേഖകൻ
മങ്കൊമ്പ്
നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ കാവാലം തട്ടാശേരി പാലം നിര്‍മാണഘട്ടത്തിലേക്ക്. സ്‌പാനുകളുടെ നിര്‍മാണം വ്യാഴാഴ്‌ച ആരംഭിക്കും. കുന്നുമ്മ വില്ലേജ് പരിധിയിലുള്ള ഭാഗത്താണ് ആദ്യം തുടങ്ങുക. തുടർന്ന് കാവാലം വില്ലേജ് പരിധിയിലും പ്രവൃത്തികളിലേക്ക് കടക്കും. ഇരുകരകളിലും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉത്തരവിറക്കി. പാലം യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പുഴയില്‍നിന്ന് കോട്ടയത്തേക്കുള്ള യാത്ര സുഗമമാകും. എ സി റോഡില്‍ മങ്കൊമ്പ് ജങ്ഷനില്‍നിന്ന് എം സി റോഡില്‍ കുറിച്ചി ഔട്ട് പോസ്‌റ്റ് ജങ്ഷനിലേക്ക് എളുപ്പത്തിലെത്താം. 35 മീറ്ററിന്റെ നാല് സ്‌പാൻ വീതമാണ് ഇരുകരകളിലും നിർമിക്കുക. പുഴയില്‍ 45 മീറ്ററിന്റെ സ്‌പാനും 10 മീറ്റര്‍ വീതമുള്ള 12 ലാന്‍ഡ് സ്‌പാനുകളുമുണ്ടാകും. 400 മീറ്റര്‍ നീളത്തിലും ഒമ്പത് മീറ്റര്‍ വീതിയിലുമാണ് പാലം ഒരുങ്ങുന്നത്. 7.5 മീറ്റര്‍ വീതിയില്‍ വാഹനഗതാഗതം സാധ്യമാകും. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള എസ് ശിവസാമി കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. കിഫ്ബിയില്‍നിന്നുള്ള 63.59 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. 2016ല്‍ ഒന്നാം എൽഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ഇടക്കാല ബജറ്റിലാണ് തുക അനുവദിച്ചത്.










0 comments