ചുവപ്പിൽ ഉറച്ച്‌ ചേപ്പാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2025, 12:11 AM | 2 min read

സ്വന്തംലേഖകൻ

കാർത്തികപ്പള്ളി

മധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ആലപ്പുറത്ത് കർഷകസമരത്തിലെ പോരാളികളുടെ മണ്ണാണ് ചേപ്പാട്. കർഷകർക്കും തൊഴിലാളികൾക്കും മുൻതൂക്കമുള്ള ചേപ്പാടിന്‌ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെ പിന്തുണച്ച ചരിത്രമാണുള്ളത്. 2000ൽ 11 സീറ്റിൽ ആറെണ്ണവും 2005ൽ 13 സീറ്റിൽ പത്തും എൽഡിഎഫ് നേടി. 2010, 2015 വർഷങ്ങളിൽ ഇരുമുന്നണികൾക്കും ഏഴുവീതം സീറ്റായിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 14 വാർഡുകളിൽ 11 വാർഡുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. ഇത്തവണ വാർഡുകളുടെ എണ്ണം 16 ആയി വർധിച്ചു. സ്വീകാര്യരായ സ്ഥാനാർഥികളും ചിട്ടയായ പ്രവർത്തനവും ഇത്തവണയും എൽഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നു. പഞ്ചായത്തും സംസ്ഥാന സർക്കാരും നടപ്പാക്കിയ വികസനം എണ്ണിപ്പറഞ്ഞാണ് പ്രചാരണം. ചേപ്പാട് പിഎച്ച് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ജനകീയ മെഡിക്കൽ ലാബ് തുടങ്ങി. രണ്ടാംവാർഡിലെ സബ് സെന്റർ നവീകരിച്ചു. സാനിറ്ററി കോംപ്ലക-്‌സ്‌ നിർമിച്ചു. കണിച്ചനല്ലൂർ സബ് സെന്ററിന്റെ അടിസ്ഥാന വികസനത്തിന് 55 ലക്ഷം രൂപ അനുവദിച്ചു; കെട്ടിടം പണിയും തുടങ്ങി. എല്ലാ സർക്കാർ എൽപി സ്കൂളുകളിലും ലൈബ്രറി വിപുലപ്പെടുത്തി. ഏവൂർ എൽപി സ്കൂളിന് നാലുമുറികളുള്ള കെട്ടിടം നിർമിച്ചു. കണിച്ചനല്ലൂർ ഗവ. എൽപി സ്കൂളിന് 1.30 കോടി രൂപയുടെ കെട്ടിടത്തിന് കല്ലിട്ടു. ചേപ്പാട് സൗത്ത് എൽപി സ്കൂളിന് മൂന്നുകോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തി. ശതാബ്ദി ആഘോഷിച്ച ഏവൂർ എൽപി സ്കൂളിന് ഒരുകോടി രൂപയുടെ സർക്കാർ സഹായം ഉറപ്പാക്കി. ലൈഫ് ഭവനപദ്ധതിയിൽ 155 ഗുണഭോക്താക്കൾക്ക് വീടു നൽകി. 23 എണ്ണംപൂർത്തീകരണ ഘട്ടത്തിലാണ്. മാലിന്യസംസ്‌കരണത്തിനായി പൊതുയിടങ്ങളിൽ 23 ബോട്ടിൽ ബൂത്തുകളും എംസിഎഫ് -ഒന്ന്‌, മിനി എംസിഎഫ്- 26, എംസിഎഫ് കണ്ടെയ്നർ രണ്ട്‌ എന്നിവയും സ്ഥാപിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് ഏവൂർ, കാഞ്ഞൂർ ക്ഷേത്രങ്ങളിൽ നിർമിക്കുന്ന ജൈവമാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റുകൾക്ക് കരാറായി. നങ്ങ്യാർകുളങ്ങരയിൽ 27 ലക്ഷം രൂപ ചെലവഴിച്ച് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചു. 25 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കി. 54 റോഡുകൾ നവീകരിച്ചു. 49 റോഡുകൾ തൊഴിലുറപ്പ് പദ്ധതി വഴി കോൺക്രീറ്റ് ചെയ്‌തു. 18 നടവഴികൾ ഗ്രാവൽ വിരിച്ചു. രണ്ട് കുടുംബശ്രീ ജനകീയ ഹോട്ടലും ഒരു കുടുംബശ്രീ കഫേയും വനിതകളുടെ ശിങ്കാരിമേളം ഗ്രൂപ്പും തുടങ്ങി. പട്ടികജാതി വിഭാഗത്തിലുള്ള 260 പേർക്ക് കട്ടിൽ, ഒമ്പതുപേർക്ക് വാട്ടർ ടാങ്ക്, 27 വിദ്യാർഥികൾക്ക് ലാപ്ടോപ്, 51 പേർക്ക് മേശയും കസേരയും ഒമ്പതുപേർക്ക് വിവാഹ ധനസഹായം എന്നിവ വിതരണംചെയ്‌തു. 262 വയോജനങ്ങൾക്ക് കട്ടിൽ, ഭിന്നശേഷിക്കാർക്ക് പെട്ടിക്കട, പെൺകുട്ടികൾക്ക് കൗൺസലിങ്‌ എന്നിവ നൽകി. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പും വയോജനങ്ങൾക്ക് ഉല്ലാസയാത്രയും വയോജന ക്ലബ്ബും ഒരുക്കി. ഹൈടെക് അങ്കണവാടികളും നിർമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home