റംസാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

വിശ്വാസികളെ വരവേൽക്കാൻ ഒരുങ്ങിയ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ്
കെ സുരേഷ് കുമാര്‍
മാന്നാർ
വ്യാഴാഴ്‌ച റംസാൻ ആരംഭിക്കുന്നതോടെ പുണ്യമേറിയ ദിനരാത്രങ്ങളെ സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. വരവേൽക്കാൻ മസ്ജിദുകളെല്ലാം ആഴ്‌ചകൾക്ക് മുന്നേ അണിഞ്ഞൊരുങ്ങിയിരുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ അന്നപാനീയങ്ങൾ വെടിഞ്ഞും ആത്മീയ ചൈതന്യത്തോടെയും വിശ്വാസികളാൽ പള്ളികളിൽ നിറയും. അവർക്കായി ഏറെ സൗകര്യങ്ങളോടെ മസ്ജിദുകൾ ഒരുങ്ങിക്കഴിഞ്ഞു. ഇഫ്താറിനുശേഷമുള്ള മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങൾ, റംസാനിലെ രാത്രികളിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് എന്നിവയ്‌ക്കാണ് വിശ്വാസികൾ ഏറ്റവുംകൂടുതലായി മസ്ജിദുകളിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ മസ്ജിദും പരിസരങ്ങളും ശുചീകരിച്ചു. നോമ്പുകഞ്ഞി വിതരണത്തിനും സമൂഹ ഇഫ്താറിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ചീഫ്ഇമാം കെ സഹലബത്ത് ദാരിമി, അസി. ഇമാം ഷഹീർബാഖവി എന്നിവർ പുത്തൻപള്ളി ജുമാമസ്ജിദിലും നിസാമുദ്ദീൻ നഈമി, ഷമീർ ബാഖവി എന്നിവർ കുരട്ടിക്കാട് ജുമാമസ്ജിദിലും അമീർ സുഹ്‌രി മുട്ടേൽ തൈക്കാവിലും ആരാധനകൾക്കും മറ്റ് കർമങ്ങൾക്കും നേതൃത്വംനൽകും. പാവുക്കര ജുമാമസ്ജിദിൽ ചീഫ്ഇമാം നൗഫൽ ഫാളിലിയും പാവുക്കര കല്ലുമ്മൂട് തൈക്കാവിൽ ആഷിഖ് ഹുമൈദിയും ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ്ഇമാം ഡോ. മുഹമ്മദ് ജാബിർ അഹ്സനിയും അസിസ്‌റ്റന്റ് ഇമാം അൻവർഷാ മന്നാനിയും പ്രാർഥനകൾക്ക് നേതൃത്വംനൽകും.










0 comments