ad
Deshabhimani

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജില്‍ 
ചികിത്സതേടുന്നവരില്‍ ഇരട്ടിയോളം വർധന

medical college

വണ്ടാനം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

വെബ് ഡെസ്ക്

Published on Feb 27, 2026, 12:28 AM | 2 min read

ആലപ്പുഴ

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രതിദിനം ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ ആറുമാസത്തിനിടെയുണ്ടായത്‌ ഇരട്ടിയോളം വർധന. നിലവിൽ 4000 മുതൽ 4500 വരെ രോഗികളാണ്‌ വിവിധ ഒപി വിഭാഗങ്ങളിൽ ദിവസവും ചികിത്സ തേടുന്നത്‌. ആറുമാസം മുന്പുവരെ ഇത്‌ 2000 മുതൽ 2500 വരെയായിരുന്നു. കിടത്തി ചികിത്സയ്‌ക്കായി 1051 കിടക്കകളാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌. എന്നാൽ പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 1200 വരെയാകാറുണ്ടെന്ന്‌ സൂപ്രണ്ട്‌ ഡോ. എ ഹരികുമാർ പറഞ്ഞു. സാധാരണക്കാർക്ക്‌ എന്നും ആശ്രയമായ മെഡിക്കൽ കോളേജ്‌ ആശുപത്രി പത്തുവർഷം കൊണ്ട്‌ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്‌. ഇക്കാലയളവിൽ 32 വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകളാണ്‌ പൂർത്തിയാക്കിയത്‌. ഹൃദ്രോഗചികിത്സയ്‌ക്കായുള്ള കാത്ത്‌ലാബിൽ പ്രതിമാസം 200ലധികം പേർക്കാണ്‌ ആൻജിയോഗ്രാമും ആൻജിയോ പ്ലാസ്‌റ്റിയും ചെയ്യുന്നത്‌. 12 ഓപ്പറേഷൻ ടേബിളുകളാണ്‌ വിവിധ വിഭാഗങ്ങളിൽ സജ്ജമാക്കിയിട്ടുള്ളത്‌. ഇവിടെ പ്രതിദിനം 40 മുതൽ 50 വരെ മേജർശസ്‌ത്രക്രിയകൾ ചെയ്യുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഒരുവർഷത്തിനിടെ 12 കിടക്കകൾകൂടി പുതുതായി ഏർപ്പെടുത്തി. നിലവിൽ 130 കിടക്കകളുണ്ട്‌. ഇത്‌ എല്ലാദിവസവും നിറഞ്ഞിരിക്കും. 53 വെന്റിലേറ്ററുകളുണ്ട്‌. ഇതിൽ എല്ലാദിവസവും രോഗികൾ ഉണ്ടാവാറുണ്ട്‌. ഡയാലിസിസ്‌ യൂണിറ്റിൽ പ്രതിദിനം 30നും 40നും ഇടയ്‌ക്ക്‌ വൃക്കരോഗികൾക്കാണ്‌ ഡയാലിസിസ്‌ നൽകുന്നത്‌. യൂണിറ്റ്‌ നവീകരിക്കാൻ നടപടിയായി. 30 പുതിയ മെഷീനുകൾ കൂടി ഉടൻ വരും. ഇടുപ്പ്‌, മുട്ട്‌ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകൾ പ്രതിമാസം ശരാശരി 20 എണ്ണം ചെയ്യുന്നു. അസ്ഥിരോഗ വിഭാഗത്തിൽ ഒരുവർഷത്തിനുള്ളിൽ 2313 മേജർ ശസ്‌ത്രക്രിയകളാണ്‌ ചെയ്‌തത്‌. 3700 മൈനർ ശസ്‌ത്രക്രിയകളും ചെയ്‌തു. എല്ലാവിഭാഗങ്ങളും ചേരുന്പോൾ ഒരു വർഷത്തെ മേജർ ശസ്‌ത്രക്രിയകൾ മാത്രം 8000 ലേറെ വരും. ഗൈനക്കോളജി വിഭാഗത്തിനായി അത്യാധുനിക സ‍ൗകര്യങ്ങളോടെ പുതിയ ഒ ആൻഡ്‌ ജി ബ്‌ളോക്ക്‌ സ്ഥാപിച്ചു. റേഡിയോളജി വിഭാഗത്തിൽ ഏഴുകോടി രൂപ ചെലവിൽ പുതിയ ഡിഎസ്‌എ മെഷീൻ സ്ഥാപിച്ചു. ട്രോമാ കെയർ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളുടെ നിർമാണം പൂർത്തിയായി. ഉദ്‌ഘാടനം ഉടൻ ഉണ്ടാവും. പുതിയ കാത്ത്‌ലാബ്‌ രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. 173 കോടി രൂപ ചെലവിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനവും ഉടൻ പൂർത്തിയാവും. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ വിശ്വാസ്യത തകർക്കാൻ ഒരുവിഭാഗം നടത്തുന്ന ശ്രമങ്ങൾക്കിടെയാണ്‌ ആലപ്പുഴ മെഡിക്കൽ കോളേജ്‌ നേട്ടങ്ങളിലേക്ക്‌ കുതിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാർ നൽകിയ അകമഴിഞ്ഞ പിന്തുണയാണ്‌ സ്ഥാപനത്തെ ഉയരങ്ങളിൽ എത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home