മുളക്കുഴയിൽ കൃഷിക്കും ക്ഷേമത്തിനും മുൻതൂക്കം

മുളക്കുഴ പഞ്ചായത്ത് ബജറ്റ് വൈസ്‌പ്രസിഡന്റ് രമണിക സന്തോഷ് അവതരിപ്പിക്കുന്നു
ചെങ്ങന്നൂർ
മുളക്കുഴ പഞ്ചായത്ത് ബജറ്റ് വൈസ്‌പ്രസിഡന്റ് രമണിക സന്തോഷ് അവതരിപ്പിച്ചു. പ്രസിഡന്റ് സജിത മനു അധ്യക്ഷയായി. 32.25 കോടി രൂപ വരവും 28.70 കോടി ചെലവും 3.54 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സ്‌മാർട്ട് കൃഷിഭവനാക്കാൻ 20 ലക്ഷം രൂപ നൽകും. പന്നിശല്യം നേരിടുന്നതിന് വാർഡ് തലത്തിൽ ജനകീയ കൂട്ടായ്‌മ രൂപീകരിക്കും. കർഷക ഇൻസന്റീവുകൾ, എൻആർഇജി വഴി കാലിത്തൊഴുത്ത്, ആട്, കോഴി കൂടുകൾ എന്നിവയ്‌ക്കായി ഒരുകോടി വകയിരുത്തി. കാലിത്തീറ്റ, പാൽ എന്നിവയ്‌ക്ക് സബ്സിഡി, പോത്തുകുട്ടി വളർത്തൽ, ധാതുലവണ മിശ്രിതം, വെറ്ററിനറി മരുന്നുവാങ്ങൽ എന്നിവയ്‌ക്ക് 14 ലക്കം ഉൾപ്പെടുത്തി. വെറ്ററിനറി മെഡിക്കൽ സ്‌റ്റോർ ആരംഭിക്കും. എബിസി പ്രോഗ്രാമിന് മൂന്നുലക്ഷവും തെരുവുനായ്‌ക്കളുടെ മാസ് വാക്‌സിനേഷന് ഒരുലക്ഷവുമുണ്ട്. ഗവ. ആശുപത്രികൾ മരുന്നുവാങ്ങൽ, സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പാലിയേറ്റീവ് കെയർ, ക്ഷയരോഗികൾക്ക് പോഷകാഹാരം എന്നിവയ്‌ക്ക് 37.03 ലക്ഷവും ഹോമിയോ ആശുപത്രിക്ക് സ്ഥലം വാങ്ങാൻ 20 ലക്ഷവും വകയിരുത്തി. മുളക്കുഴ നഗരസഭയുടെ സ്വഭാവത്തിലേക്ക് ഉയരുമെന്ന സാധ്യത മുൻനിർത്തി പഴയ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാള്‍, വാണിജ്യ സമുച്ചയം, ടേക്ക് എ ബ്രേക്ക് എന്നിവ ഉള്‍പ്പെടെയുള്ള കെട്ടിടംനിർമിക്കും. 13 അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം ഒരുക്കും. വലിച്ചെറിയല്‍മുക്ത മുളക്കുഴ, ഹരിത കര്‍മസേന, സിസിടിവി സ്ഥാപിക്കാല്‍ എന്നീ പദ്ധതികൾക്ക് 5.3 ലക്ഷം അനുവദിച്ചു. ലൈഫ് മിഷന് 2.30 കോടിയും ഗ്രാമീണ റോഡ് വികസനത്തിന് 1.87 കോടിയുമാണുള്ളത്.










0 comments