ad
Deshabhimani

മണ്ണെണ്ണ ക്ഷാമം രൂക്ഷം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2026, 02:32 AM | 1 min read

സ്വന്തം ലേഖകൻ

ആലപ്പുഴ

രൂക്ഷമായ മണ്ണെണ്ണക്ഷാമം മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിക്കുന്നു. എൻജിന്‌ മാസം 65 ലിറ്റർ മണ്ണെണ്ണ മാത്രമാണ്‌ നിലവിൽ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്‌. ലിറ്ററിന്‌ 74 രൂപയാണ്‌ വില. ഇതുതന്നെ നാലുമാസമായി ലഭിച്ചിട്ടില്ല. ട്രോളിങ്‌ നിരോധന കാലമായതിനാൽ ഇപ്പോൾ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ മാത്രമാണ്‌ കടലിൽ പോകാനാവുന്നത്‌. എന്നാൽ മണ്ണെണ്ണ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്‌. ജില്ലയിൽ 151 ഇൻബോർഡ്‌ വള്ളങ്ങളും 1500 ഒ‍ൗട്ട്‌ബോർഡ്‌ മോട്ടോർ വള്ളങ്ങളുമുണ്ട്‌. കടലിൽ പോകുന്നവർ കൂടാതെ ഉൾനാടൻ മത്സ്യത്തൊഴിലാളികളും യന്ത്രവൽക്കൃത വള്ളങ്ങൾ ഉപയോഗിക്കുന്നുണ്ട്‌. അതിനാൽ അവർക്കും മണ്ണെണ്ണ ആവശ്യമാണ്‌. ഏകദേശം 28,000 തൊഴിലാളികളാണ്‌ ജില്ലയിൽ കടലിൽ മീൻ പിടിക്കുന്നത്‌. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ 12000 വരും. കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലെസ് വഴിയാണ് എണ്ണ നൽകുന്നത്. മണ്ണെണ്ണ ലഭ്യമല്ലാത്തതിനാൽ മിക്കവരും കരിഞ്ചന്തയിൽ ലഭിക്കുന്ന സിന്തറ്റിക്‌ ഉൽപ്പന്നങ്ങളാണ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌. ഇതിന്‌ 115 രൂപയാണ്‌ ലിറ്ററിന്‌ വില. ഇതിന്റെ ഉപയോഗം എൻജിനുകൾ വേഗം കേടാക്കുന്നുണ്ടെന്ന്‌ മത്സ്യത്തൊഴിലാളികൾ പറയുന്നു. പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ ഇപ്പോൾ കടവുകളിൽ അടുപ്പിക്കാനാവില്ല. ഹാർബറിൽനിന്ന്‌ ഹാർബറിലേക്കാണ്‌ പോവുക. അതിനാൽ കൂടുതൽ ഇന്ധനം വേണ്ടിവരും. നിലവിൽ അനുവദിച്ച 65 ലിറ്റർ മണ്ണെണ്ണ ലഭിച്ചാൽ തന്നെ രണ്ടുദിവസത്തെ ജോലിക്ക്‌ തികയില്ല. മണ്ണെണ്ണ ലഭ്യമല്ലാത്തതിനാൽ കരിഞ്ചന്തക്കാരുടെ ചൂഷണവുമുണ്ട്‌. മണ്ണെണ്ണയ്‌ക്ക്‌ 74 രൂപയായി വില വർധിപ്പിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ സബ്‌സിഡി നൽകുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇത്‌ എങ്ങനെ നടപ്പാക്കുമെന്നതിന്‌ കേന്ദ്രസർക്കാർ കൃത്യമായ മാർഗരേഖ പുറപ്പെടുവിച്ചിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home