സദാനന്ദനും സുലജയ്‌ക്കും ഭീതിത്തിരയോണം

കടലെടുത്ത സാദാനന്ദന്റെ വീട്
ഹരിപ്പാട്
ഏതുനിമിഷവും നിലം പൊത്താവുന്ന വീടിനുള്ളിൽ പേടിയോടെ കഴിയുകയാണ് സാദാനന്ദനും ഭാര്യ സുലജയും മകളുമടങ്ങിയ കുടുംബം. ഇൗ മൺസൂണിൽ കടൽക്ഷോഭം കനത്തതോടെ വീടിന്റെ രണ്ട് കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും കടലെടുത്തു. അവശേഷിക്കുന്ന മുറിയുടെ അടിത്തറയുടെ താഴെ മുക്കാൽ പങ്കും വിള്ളൽവീണ നിലയാതോടെ താമസിക്കാൻ പറ്റാതായി. അലറിയടിച്ചെത്തുന്ന തിരമാലയിൽനിന്ന് വീടിനെ രക്ഷിക്കാൻ ആറാട്ടുപുഴ പഞ്ചായത്ത് 19 –ാം വാർഡിൽ വലിയകടവിൽ പടിറ്റതിൽ വീട്ടിൽ സദാനന്ദൻ മുട്ടാത്ത വാതിലുകളൊന്നുമില്ല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെവരെ സമീപിച്ചു. ആരും സഹായിച്ചില്ല. കടലാക്രമണത്തിൽ വീട്ടിൽ വെള്ളം കയറി താമസയോഗ്യമല്ലാതായി തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ക്യാമ്പിൽ കഴിഞ്ഞവർക്ക് റവന്യൂ അധികൃതർ താൽക്കാലിക താമസത്തിന് വാടകവീട് ഏർപ്പാടാക്കിയതറിഞ്ഞ് സദാനന്ദൻ കുടുംബത്തിന്റെ നിസഹായത കാർത്തികപ്പള്ളി തഹസിൽദാരെ അറിയിച്ചു. ഉദ്യോഗസ്ഥൻ ആറാട്ടുപുഴ വില്ലേജ് ഓഫിസിൽനിന്ന് വന്ന് വീടിന്റെ ഫോട്ടോയെടുത്ത് പോയതല്ലാതെ ഒന്നുമുണ്ടായില്ല. സദാനന്ദന്റെ കുടുംബത്തിന് താൽക്കാലിക താമസമെങ്കിലും ഒരുക്കാൻ ആറാട്ടുപുഴ പഞ്ചായത്തോ റവന്യൂ അധികൃതരോ ഒന്നും ചെയ്‌തിട്ടില്ല.










0 comments