Deshabhimani

മന്ത്രി അടിയന്തരയോഗം വിളിച്ചു

ദേശീയപാതയിൽ അപകടം കുറയ്‌ക്കും; ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on May 21, 2025, 12:26 AM | 1 min read

ആലപ്പുഴ

ജില്ലയിൽ ദേശീയപാത നവകീരിക്കുന്ന മേഖലകളിൽ മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൂന്ന് ദിവസത്തിനകം പരിശോധിച്ച്‌ അപകടസാധ്യത സ്‌പോട്ടുകൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കും. ദേശീയപാതയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെയും കാലവർഷാരംഭത്തിന്റെയും പശ്ചാത്തലത്തിൽ മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. ഹോട്ട്‌സ്‌പോട്ടുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്‌ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിർമാണം പൂർത്തിയായയിടത്തെ ബാരിക്കേഡുകൾ നീക്കും. ഡീവിയേഷൻ ആവശ്യമായിടത്ത്‌ ബ്ലിങ്കിങ് ലൈറ്റും വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ ലൈറ്റുകളും സ്ഥാപിക്കും. വാഹനങ്ങൾക്ക്‌ മുന്നറിയിപ്പ് ബോർഡുകൾ കൂടുതലായി സ്ഥാപിക്കും. നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി പി പ്രസാദ് ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. അപകടസാധ്യത വർധിപ്പിക്കുന്നതരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ നീക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഡ്രെയിനേജ് ഉറപ്പാക്കുക, സർവീസ് റോഡിലേക്ക് വെള്ളം ശക്തമായി വീഴുന്നയിടങ്ങളിൽ അടിയന്തരമായി ഡൗൺ ടേക്ക് പൈപ്പ് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി. ദേശീയപാതയിൽ ഗതാഗതക്കുരുക്കേറിയ പ്രദേശങ്ങളിൽ പരിശോധന നടത്താൻ ഡിവൈഎസ്‌പിമാർക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർമാണം നടക്കുന്ന മേഖലകളിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുമെന്ന് ആർടിഒ അറിയിച്ചു. കലക്‌ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ആർടിഒ ദിലു, ദേശീയപാത പ്രോജക്‌ട്‌ ഡയറക്‌ടർമാർ, ഡെപ്യൂട്ടി കലക്‌ടർമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home