ജിപിആർ പരിശോധനയും സേഫ്റ്റി ഓഡിറ്റിങ്ങും വേണം

ആലപ്പുഴ
നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ അഗാധഗർത്തം രൂപപ്പെട്ടതിൽ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) പരിശോധന ആവശ്യപ്പെട്ട് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് റിപ്പോർട്ട്. ചേർത്തല മേൽപ്പാതയിലെ പരിശോധനയ്‌ക്ക് ശേഷം കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ജിപിആർ പരിശോധന ആവശ്യപ്പെട്ടത്. എൻജിനിയർമാർ സംയുക്തമായാണ് പരിശോധന നടത്തിയത്. തുറവൂർ മുതൽ എസ് എൽ പുരം വരെ ഏഴുമേൽപ്പാതകളും പരിശോധിക്കണം. ഭൂമിയുടെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താതെ, അതിനടിയിലെ വസ്തുക്കളുടെയും ഘടനകളുടെയും വിവരങ്ങൾ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ. വൻ സാമ്പത്തിക ബാധ്യതയായതിനാൽ എൻഎച്ച്‌എഐ ചെലവിലാകണം പരിശോധനയെന്നും റിപ്പോർട്ടിലുണ്ട്. കുടിവെള്ളക്കുഴൽ തകർന്നതുമൂലം അടിത്തട്ടിലെ മണ്ണ് റോഡരികിലേക്ക് വൻതോതിൽ ഒഴുകിയതും, റോഡ് ഉയർത്താൻ ഉപയോഗിച്ച കായൽ മണ്ണ് പൊടിഞ്ഞതും നിർമാണത്തിലെ അപാകതയുമാണ് റോഡ് തകരാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേഫ്റ്റിഓ-ഡ-ിറ്റിങ് നടത്താൻ എൻഎച്ച്‌എഐക്ക് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു. 11ന് ചേരുന്ന യോഗത്തിലും റിപ്പോർട്ട് ചർച്ചയാകും.










0 comments