ad
Deshabhimani

"റൊണാള്‍ഡോയും പോര്‍ച്ചുഗലും തൂക്കും'

World Cup

നിഹാൽ സുധീഷ്‌

avatar
ഷെഹിൻഷാ

Published on Jun 10, 2026, 12:16 AM | 1 min read

​കൊച്ചി

‘എല്ലാം നേടി, ഇനി ലോകകപ്പ് മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ അതും തൂക്കുമെന്നാണ് പ്രതീക്ഷ'. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലുമാണ് കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാല്‍ സുധീഷിന്റെ ഇഷ്ട കളിക്കാരനും ടീമും. ഇത്തവണ പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും നിഹാല്‍ പറഞ്ഞു. 2010ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ പന്തുരുളുമ്പോഴാണ് നിഹാല്‍ ഫുട്ബോളിലേക്ക് തിരിയുന്നത്. അന്ന് ഒമ്പതാംവയസ്സില്‍ റോണോയോട് തോന്നിയ ആരാധന പതിന്മടങ്ങ് ആവേശത്തോടെ ഇന്നുമുണ്ട്‌.


"ഇത്തവണ മികച്ച സ്ക്വാഡാണ് പോര്‍ച്ചുഗലിന്റേത്. എല്ലാവരെയും അടിക്കാനുള്ള കരുത്ത് ടീമിനുണ്ടെന്നാണ് വിശ്വാസം. എല്ലാത്തിലുമുപരി റൊണാള്‍ഡോയുടെ അവസാന ലോകകപ്പ്. ചാമ്പ്യന്മാരാകുക എന്നതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. മെസി, നെയ്മര്‍ എന്നിവരുടെയും അവസാന ലോകകപ്പ് ആയിരിക്കും. ആദ്യമായി 48 ടീമും. എല്ലാംകൊണ്ടും വലിയ ആവേശത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിനെ കാത്തരിക്കുന്നത്. റോണോ മാജിക് എന്തായാലും മൈതാനത്തുണ്ടാകും' – നിഹാല്‍ പറഞ്ഞു. പോര്‍ച്ചുഗല്‍ കഴിഞ്ഞാല്‍ ബ്രസീലാണ് നിഹാലിന്റെ ഇഷ്ട ടീം. നെയ്മറിന്റെ കളിയഴക് ഏറെ പ്രിയം.


പരിക്കു മാറി നെയ്മര്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. അതേപോലെ ഫ്രാന്‍സിന് എംബാപ്പെ നയിക്കുന്ന മികച്ച അറ്റാക്കിങ് നിരയാണുള്ളത്. അവര്‍ ഗ്രൗണ്ടില്‍ എന്തെല്ലാം അത്ഭുതം സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. മികച്ച ടീമുമായാണ് സ്പെയ്‌നിന്റെയും വരവ്. ലമീന്‍ യമാലിന്റെ ആദ്യ ലോകകപ്പ്.


യൂറോകപ്പില്‍ സ്പെയ്‌നിനെ ചാമ്പ്യന്മാരാക്കിയ യമാലിന്റെ മാന്ത്രിക ചുവടുകള്‍ ആസ്വദിക്കാമെന്നതും ഈ ലോകകപ്പിന്റെ പ്രത്യേകതയാണ്. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനയെയും എഴുതിത്തള്ളാനാകില്ല. നിലവിലെ ചാമ്പ്യന്മാരാണ്. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളില്‍ ഏറ്റവും മുന്നില്‍ അര്‍ജന്റീനയും ഉണ്ടെന്നതില്‍ സംശയമില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയ്ക്ക് വലിയ വെല്ലുവിളികളില്ലെന്നും നിഹാല്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home