ad
Deshabhimani

നാമക്കുഴി സിസ്റ്റേഴ്സ് ഇന്ന്‌ നാടിന്റെ കളിയാദരം ഏറ്റുവാങ്ങും

Women's Day

നാമക്കുഴി സിസ്റ്റേഴ്സിനെ ആദരിക്കുന്ന ചടങ്ങിനൊപ്പം നടത്തുന്ന ഫുട്‌ബോൾ, ഹോക്കി ചാമ്പ്യൻഷിപ്പുകൾക്കായി പരിശീലനം നടത്തുന്ന കുട്ടികൾ

വെബ് ഡെസ്ക്

Published on Mar 08, 2026, 01:28 AM | 1 min read

പിറവം


വിദേശകളിക്കളങ്ങളിൽ നാടിന് അഭിമാനമായ നാമക്കുഴി സിസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ വീണ്ടും ഒത്തുകൂടുന്നു. വനിതാദിനമായ ഞായർ 4.30ന് നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. കെ സി ഏലമ്മ, വി കെ സാറാമ്മ, പി കെ ഏലിയാമ്മ, പി സി ഏലിയാമ്മ, വി വി അന്നക്കുട്ടി, വി കെ ലീല, എം എൻ അമ്മിണി തുടങ്ങിയവരാണ് നാമക്കുഴി സഹോദരിമാർ. കേരളത്തിന്‌ ദേശീയ വനിതാ വോളിബോൾ കിരീടം ആദ്യമായി നേടിത്തന്നത് ഇവരടങ്ങിയ ടീമാണ്.


കേരളത്തിലേക്ക് ആദ്യമായി ഒരു വനിതാ അർജുന അവാർഡ് (1975) കൊണ്ടുവന്നതും സഹോദരിമാരിലൊരാളായ കെ സി ഏലമ്മയാണ്. ഡാൽമിയ സിമന്റ്സിന്റെ ആഭിമുഖ്യത്തിൽ പിറവം നഗരസഭ, സമീപ പഞ്ചായത്തുകളായ മുളക്കുളം, വെള്ളൂർ, ഇലഞ്ഞി, ഉഴവൂർ, ഞീഴൂർ എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് നടക്കുക. നാമക്കുഴി സിസ്റ്റേഴ്സിനുമുന്നിൽ ഹോക്കി, ഫുട്ബാൾ എന്നി ഇനങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ വനിതാ സ്പോർട്സ് അക്കാദമിയിലെ പെൺകുട്ടികൾ പരിശീലനം തുടങ്ങി.


കെഎംഎച്ച്എസ് വെള്ളൂർ, തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്കൂൾ, എ ജെ ജോൺ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളിയാട് യുപി സ്കൂൾ, ടി വി പുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാടിയത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കടുത്തുരുത്തി സെന്റ്‌ മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, കടുത്തുരുത്തി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ മൂന്നു ടീമുകളായി കളിക്കളത്തിൽ മാറ്റുരയ്‌ക്കുമെന്ന് കോച്ച് ജോമോൻ ജേക്കബ് പറഞ്ഞു. ഞായർ പകൽ 2.30നാണ് മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home