മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി

എറണാകുളം കടവന്ത്രയിൽ കൊച്ചി പൗരാവലി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ മമ്മൂട്ടി, മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കുന്നു. മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എംപി, മന്ത്രിമാരായ അനൂപ് ജേക്കബ്, വി ഇ അബ്‌ദുൾ ഗഫൂർ എന്നിവർ സമീപം
കൊച്ചി
മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചിയിലും പറവൂരിലും സ്വീകരണം നൽകി. പൗരാവലിയുടെ പേരിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊച്ചിയിൽ നടൻ മമ്മൂട്ടിയും പറവൂരിൽ മോഹൻലാലും സതീശനെ അനുമോദിച്ചു. രണ്ടിടങ്ങളിലും കെപിസിസി ജനറൽ സെക്രട്ടറിയും കെ സി വേണുഗോപാൽ അനുയായിയുമായ ദീപ്‌തി മേരി വർഗീസ് വിട്ടുനിന്നു.
മന്ത്രിമാരായ റോജി എം ജോൺ, വി ഇ അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, നടൻ കുഞ്ചാക്കോ ബോബൻ, ഹൈബി ഇൗഡൻ എംപി, മുഹമ്മദ് ഷിയാസ് എംഎൽഎ, കലക്ടർ ജി പ്രിയങ്ക, മേയർ വി കെ മിനിമോൾ എന്നിവർ കൊച്ചിയിൽ സംസാരിച്ചു. പറവൂരിൽ ശ്രീകുമാരൻ തന്പി സ്വീകരണം ഉദ്‌ഘാടനം ചെയ്‌തു. നടൻ സലിംകുമാർ, എസ് ശർമ, കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, നഗരസഭാധ്യക്ഷൻ രമേഷ് ഡി കുറുപ്പ് എന്നിവർ സംസാരിച്ചു.
അഭിനയിക്കാൻ എളുപ്പമാണ്,
മുഖ്യമന്ത്രിയായിരിക്കാൻ ബുദ്ധിമുട്ടും
കൊച്ചി
സിനിമകളിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെന്ന് നടൻ മമ്മൂട്ടി. അഭിനയപരിചയംകൊണ്ട് അത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ, യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള പണിയാണ്. നീതിപൂർവം നിർവഹിക്കേണ്ട ചുമതലയാണതെന്നും മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments