പൊട്ടിയ ശുദ്ധജല പൈപ്പിൽ അറ്റകുറ്റപ്പണി നടത്താതെ ചാക്ക് കെട്ടിവച്ചു

പൊട്ടിയ ശുദ്ധജലവിതരണ പൈപ്പ് അറ്റകുറ്റപ്പണി നടത്താതെ ചാക്ക് കെട്ടിവച്ച നിലയിൽ
പെരുമ്പാവൂർ
നഗരസഭ ഏഴാം വാർഡിൽ ശുദ്ധജലവിതരണ പൈപ്പ് അറ്റകുറ്റപ്പണി നടത്താതെ പൊട്ടിയ ഭാഗത്ത് കരാറുകാരന്റെ നേതൃത്വത്തിൽ ചാക്കുകെട്ടിവച്ചു. തുരുത്തിപറമ്പ് നഗറിലും അങ്കണവാടിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ മൂന്നുമാസമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് കരാറുകാർ പൈപ്പ് നന്നാക്കാൻ എത്തിയത്. ചാക്ക് കെട്ടി ഉയരത്തിൽ വെള്ളം ചീറ്റുന്നത് തടയുകമാത്രമാണ് ചെയ്തത്.
വെള്ളം ഇപ്പോഴും പുറത്തേയ്‌ക്ക് ഒഴുകുന്ന സ്ഥിതിയുണ്ട്. കാനയിലെ മലിനജലം പൈപ്പിലൂടെ അകത്ത് പ്രവേശിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ടാങ്കറിൽ വെള്ളം എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ടാങ്കർ ലോറി കടന്നുചെല്ലാത്ത പ്രദേശത്താണ് തുരുത്തിപറമ്പ് നഗർ. പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വാട്ടർ അതോറിറ്റിയുടെ മുന്നിൽ ഉപരോധസമരം നടത്തേണ്ടിവരുമെന്ന് കൗൺസിലർ പറഞ്ഞു.










0 comments